'ജനങ്ങള്‍ക്കും പോലീസിനും രണ്ട് നിയമമോ?' നടുറോഡില്‍ യുവാവും പോലീസും തമ്മില്‍ പൊരിഞ്ഞ തര്‍ക്കം!

കണ്ണൂര്‍: പിഴയെ ചൊല്ലി നടുറോഡില്‍ യുവാവും പോലീസും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറുന്നത്. കണ്ണൂര്‍ ചൊക്ലിയിലാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കിയതിന് പിന്നാലെ എസ് ഐ സീറ്റ് ബെല്‍റ്റ് ഇട്ടില്ലെന്ന് ആരോപിച്ച് യുവാവ് ചോദ്യം ചെയ്യുകയായിരുന്നു. ചൊക്ലി എസ്.ഐ ആയിരുന്നു വാഹനത്തിലുണ്ടായിരുന്നത്. യുവാവിനെതിരെ പോലീസും രംഗത്തെത്തിയതോടെ തര്‍ക്കം മുറുകി. സംഭവത്തില്‍ ചൊക്ലി സ്വദേശിയായ സനൂപ് ഉണ്ണിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്നിയമം എല്ലാവര്‍ക്കും ഒരു പോലെയാണെന്ന് യുവാവ് പറയുന്നതായും ദൃശ്യങ്ങളില്‍ കാണാം.
ചൊക്ലി മുക്കില്‍പീടികയിലായിരുന്നു സംഭവം നടന്നത്. ചൊക്ലി എസ്ഐയ്ക്കും സംഘത്തിനുമെതിരെയാണ് യുവാവ് രംഗത്തെത്തിയത്. റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കിന് ഹെല്‍മറ്റ് ധരിച്ചില്ലെന്ന പേരില്‍ സുഹൃത്തില്‍ നിന്നും പോലീസ് പിഴ ഈടാക്കിയെന്നാണ് സനൂപ് പറയുന്നത്. പോലീസ് വാഹനം അവിടെ നിന്ന് പോയി മടങ്ങി വരുമ്പോള്‍ എസ്ഐ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്നും ഇതിനെയാണ് താന്‍ ചോദ്യം ചെയ്തതെന്നും സനൂപ് പറയുന്നു. ഉദ്യോഗസ്ഥരായാലും നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണന്നും സനൂപ് പറഞ്ഞു. സനൂപ് ഉദ്യോഗസ്ഥരോട് കയര്‍ക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
അതേസമയം സനൂപിന്റെ സുഹൃത്ത് ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച് വരുന്നത് കണ്ടിരുന്നുവെന്നും അതുകൊണ്ടാണ് പിഴ ഈടാക്കിയതെന്നുമാണ് പോലീസിന്റെ വാദം. സനൂപ് എസ് ഐയുടെ വാഹനം തടഞ്ഞുവെന്നും പോലീസ് ആരോപിച്ചു. എന്നാല്‍ പോലീസ് വാഹനം തടഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സനൂപിനെ പിന്തുണച്ച് നാട്ടുകാര്‍ പോലീസിനോട് കയര്‍ക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നും ഗതാഗത തടസം ഉണ്ടാക്കിയെന്നും ആരോപിച്ച് സനൂപിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് സനൂപ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പും വായിക്കാം-മുക്കില്‍പ്പീടികയില്‍ നിന്ന് ചായ കുടിക്കുകയിരുന്നു ഞാനും സുഹൃത്ത് പ്രയാഗും . ആ സമയത്തു പോലീസുകാര്‍ വരികയും ഹെല്‍മെറ്റില്ലാത്തതിനാല്‍ ഫൈന്‍ അടക്കണം എന്ന് സുഹൃത്തിനോട് ആവശ്യപ്പെടുകയും ചെയ്തു . നിര്‍ത്തിയിട്ട വാഹനത്തിന് ഫൈന്‍ അടിക്കേണ്ടതുണ്ടോയെന്ന എന്റെ ചോദ്യത്തില്‍ പ്രകോപിതനായ ശെ 500 രൂപ ഫൈന്‍ ഇട്ടു . ടശ യെ ചോദ്യം ചെയ്തതു കൊണ്ടാണ് ഈ ഫൈന്‍ ഇട്ടതു എന്നാണ് അയാള്‍ അപ്പോള്‍ പറഞ്ഞത് .
അതിനു ശേഷം പോലീസ് വാഹനം അവിടെ നിന്ന് പോവുകയും അല്‍പ സമയത്തിന് ശേഷം ചായപ്പീടികയ്ക്ക് സമീപം വീണ്ടും തിരിച്ചെത്തുകയും ചെയ്തു . ആ അവസരത്തില്‍ പോലീസ്‌കാര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തത് നിയമപരമായി തെറ്റല്ലേ എന്ന് ഞാന്‍ ചോദിച്ചു. പൊതുജനങ്ങള്‍ മാത്രം നിയമം പാലിച്ചാല്‍ മതിയോ എന്ന എന്റെ ചോദ്യത്തില്‍ അയാള്‍ പ്രകോപിതനായി. എനിക്കെതിരെ പോലീസ് വാഹനം തടഞ്ഞു എന്നും കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തി എന്നും ആരോപിച്ചു കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി.
പൊതുജനങ്ങള്‍ക്ക് ഒരു നിയമവും അധികാരികള്‍ക്ക് മറ്റൊരു നിയമവും ആവുന്നതിലെ യുക്തിയില്ലായ്മയെ ചോദ്യം ചെയ്തതിനാണ് ഇതൊക്കെ ഉണ്ടായത്. പോലീസിന്റെ അവകാശങ്ങളെ ദുര്‍വിനിയോഗം ചെയ്യുകയാണ് ഭീഷണിയിലൂടെ അയാള്‍. തുടര്‍ന്ന് പോലീസും ഞാനും തമ്മിലും അവിടെ കൂടി നിന്ന മറ്റു നാട്ടുകാരുമായും വാക്കുതര്‍ക്കം ഉണ്ടായി .ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്'