രാഷ്ട്രീയ രക്തസാക്ഷികളെ അപമാനിച്ച് ആർച്ച് ബിഷപ്പ് പാംപ്ലാനിയുടെ പ്രസംഗം
May 21, 2023, 15:47 IST
കണ്ണൂര്‍- രാഷ്ട്രീയ രക്തസാക്ഷികളെ പരിഹസിക്കുന്ന തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസംഗം വിവാദമായി. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നാണ് അദ്ദേഹം പരിഹസിച്ചത്. ചിലര്‍ പ്രകടനത്തിനിടയില്‍ പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണ് മരിച്ചവരാണെന്നും പാംപ്ലാനി പറഞ്ഞു. കണ്ണൂര്‍ ചെറുപുഴയില്‍ കെസിവൈഎം യുവജന ദിനാഘോഷ വേദിയിലാണ് പാംപ്ലാനിയുടെ പരാമര്‍ശങ്ങൾ.
'യേശുവിന്റെ 12 ശിഷ്യന്മാര്‍ രക്തസാക്ഷികളായത് സത്യത്തിനും നീതിക്കും വേണ്ടിയാണ്. എന്നാല്‍ പുതിയ കാലത്തെ രാഷ്ട്രീയ രക്തസാക്ഷികള്‍ നീതിക്കും ന്യായത്തിനും വേണ്ടിയല്ല രക്തസാക്ഷികളായത്. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയിട്ട് സംഭവിക്കുന്നതാണ്. സംസ്ഥാനത്ത് യുവജനങ്ങള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. കേരളം ഭരിക്കുന്നവരുടെ നടപടികള്‍ മൂലമാണ് യുവാക്കള്‍ കൂട്ടത്തോടെ സംസ്ഥാനം വിടുന്നത്.'- പാംപ്ലാനി പറഞ്ഞു.
റബറിന് 300 രൂപയാക്കിയാല്‍ ബിജെപിയെ പിന്തുണയ്ക്കാമെന്ന മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന മുമ്പ് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍, ബിജെപിയുമായി ബന്ധപ്പെടുത്തി ഉണ്ടായ വിമര്‍ശനങ്ങള്‍ക്കെതിരെ അദ്ദേഹം പിന്നീട് പ്രതികരിക്കുകയും ചെയ്തു. വിമര്‍ശനമുന്നയിച്ചവര്‍ വിചാരധാരയെ ആയുധമാക്കിയതും പാംപ്ലാനി തള്ളി. അതെല്ലാം ഓരോ സാഹചര്യങ്ങളില്‍ പറയപ്പെട്ട കാര്യങ്ങളാണ്. ആ സാഹചര്യങ്ങളെ മനസിലാക്കാനുള്ള ബൗദ്ധിക പക്വത പൊതുസമൂഹത്തിനുണ്ടെന്നും പാംപ്ലാനി പറഞ്ഞു.