LogoLoginKerala

രാഹുലിന്റെ അപ്പീല്‍ കേള്‍ക്കുന്ന ജഡ്ജി അമിത് ഷായുടെ മുന്‍ അഭിഭാഷകൻ

 
RP Mogera
ന്യൂഡല്‍ഹി- അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതിയില്‍ രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ പരിഗണിക്കുന്ന ജഡ്ജി റോബിന്‍ പോള്‍ മൊഗേര 2006 ലെ തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിഭാഷകൻ.
2018 ജനുവരിയില്‍ ജഡ്ജിയായി നിയമിതനായ ആര്‍.പി. മൊഗേരയാണ് 
അമിത്ഷായുടെ അഭിഭാഷകനായിരുന്ന
റോബിന്‍ മൊഗേരയെന്ന് സൂറത്തിലെ ദി വയര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലാണ് സ്ഥിരീകരിച്ചത്. 
ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ 2006ലെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാക്ക് വേണ്ടി വാദിച്ച അഭിഭാഷകനാണ് ഇദ്ദേഹം. അന്ന് ഗുജറാത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്നു ഷാ. മുംബൈയിലെ സി.ബി.ഐ കോടതിയില്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കുമ്പോള്‍ 2014 വരെ മൊഗേരയാണ് അദ്ദേഹത്തിനായി വാദിച്ചത്.
വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 2014 ല്‍ സി.ബി.ഐ കോടതിയില്‍ ഷായ്ക്ക് വേണ്ടി ജഡ്ജി മൊഗേര ഹാജരായതായി ഹിന്ദി ദിനപത്രമായ ജനസത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സൂറത്തിലെ എട്ടാമത്തെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയാണ് മൊഗേര.
അന്തര്‍സംസ്ഥാന രാഷ്ട്രീയ-പോലീസ് അവിശുദ്ധ കൂട്ടുകെട്ട്' എന്ന് സി.ബി.ഐ വിളിക്കുന്ന വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമ്പോള്‍ പ്രജാപതിക്ക് 28 വയസ്സായിരുന്നു.
അമിത് ഷാ, രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി ഗുലാബ്ചന്ദ് കതാരിയ, ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള നിരവധി ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 37 പേരെയാണ് സൊഹ്‌റാബുദ്ദീന്‍-കൗസര്‍ബി-തുളസിറാം പ്രജാപതി വധക്കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരേയും എല്ലാ രാഷ്ട്രീയ നേതാക്കളെയും പിന്നീട് കേസില്‍നിന്ന് ഒഴിവാക്കി, സാധാരണ പോലീസുകാര്‍ക്കെതിരെ മാത്രമാണ് വിചാരണ നടത്തിയത്.