LogoLoginKerala

മുഖ്യമന്ത്രി പദം; പുറത്തുവരുന്നത് അഭ്യൂഹങ്ങളെന്ന് എ ഐ സി സി

 
Sidharamayya
ന്യൂഡല്‍ഹി - കര്‍ണാടക മുഖ്യമന്ത്രി പദം സംബന്ധിച്ച് പുറത്തുവരുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും തീരുമാനമായാല്‍ പാര്‍ട്ടി അധ്യക്ഷന്‍ പ്രഖ്യാപനം നടത്തുമെന്നും എ ഐ സി സി വക്താവ് രണ്‍ദീപ് സൂര്‍ജെവാല പറഞ്ഞു. പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. അഭ്യൂഹങ്ങള്‍ പടച്ചുവിടുന്നത് ബി ജെ പി കേന്ദ്രങ്ങളാണെന്നും അതില്‍ വിശ്വസിക്കരുതെന്നും സൂര്‍ജെവാല പറഞ്ഞു. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഡി കെ ശിവകുമാര്‍ എ ഐ സി സി അധ്യക്ഷനെ കണ്ട് പ്രതിഷേധമറിയിച്ചു. ഇതേ തുടര്‍ന്നാണ് എ ഐ സി സി വക്താവ് വിശദീകരണവുമായി എത്തിയതെന്നറിയുന്നു.
ഇതുവരെയും ഡി കെ ശിവകുമാറിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡിന് സാധിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ശിവകുമാറിനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം പഠിച്ച പണി പതിനെട്ടും നോക്കുകയാണ്. ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യയും ശേഷമുള്ള മൂന്നുവര്‍ഷം ശിവകുമാറും മുഖ്യമന്ത്രിയാകണം എന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതിന് ചില ഉപാധികള്‍ ശിവകുമാര്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നറിയുന്നു. രണ്ടു ടേം സംബന്ധിച്ച പ്രഖ്യാപനം എ ഐ സി സി അധ്യക്ഷന്‍ ഔദ്യോഗികമായി നടത്തണമെന്നും സിദ്ധരാമയ്യ അത് രേഖാമൂലം അംഗീകരിക്കണമെന്നുമാണ് ശിവകുമാറിന്റെ നിലപാട്.