LogoLoginKerala

എകെജി സെന്റര്‍ ആക്രമണക്കേസ്; നവ്യ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി

 
akg

തിരുവനന്തപൂരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ നാലാംപ്രതിയാക്കിയ ടി നവ്യ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ പ്രകാരമാണ് ഇന്ന് മുതല്‍ ഏഴു ദിവസം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി നവ്യക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

നിരപരാധിയാണെന്നും ജിതിന് വണ്ടി നല്‍കിയിട്ടില്ലെന്നും നവ്യ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ പ്രതി ചേര്‍ത്തത് രാഷ്ട്രീയ പ്രേരിതമായിട്ടാണെന്നും നവ്യ പറഞ്ഞു. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ നിന്നിട്ടുണ്ട്, കുറച്ച് നേതാക്കളെ അറിയാം, കോടതിയില്‍ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും നവ്യ പറഞ്ഞു.

എ കെ.ജി. സെന്റര്‍ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന് സഹായം നല്‍കിയത് പ്രാദേശിക നേതാവായ നവ്യയാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. എ.കെ.ജി സെന്ററിന് സമീപത്തേക്ക് പോകാന്‍ ജിതിന് സ്‌കൂട്ടര്‍ എത്തിച്ചുനല്‍കിയത് നവ്യയാണെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് നവ്യക്ക് ജാമ്യം അനുവദിച്ചിരുന്നത്.

നവംബര്‍ 24 മുതല്‍ 30 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നും നവ്യയോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നവ്യ ക്രൈംബ്രാഞ്ചിന് മുന്നില്‍ എത്തിയത്.