LogoLoginKerala

പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തി, ചെയ്യിച്ചത് എടയന്നൂരിലെ നേതാക്കള്‍'; വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി

 
Akash

കണ്ണൂര്‍ : എടയന്നൂര്‍ ഷുഹൈബ് വധക്കേസില്‍ സിപിഎമ്മിനെ വെട്ടിലാക്കി നിര്‍ണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി. പാര്‍ട്ടിക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി വെളിപ്പെടുത്തി. 'എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചത്. ഞങ്ങള്‍ വാ തുറന്നാല്‍ പലര്‍ക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവര്‍ക്ക് പാര്‍ട്ടി സഹകരണ സ്ഥാപനങ്ങളില്‍ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങള്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ടം വയ്ക്കലുമാണ് നേരിടേണ്ടി വന്നത്. പാര്‍ട്ടി തള്ളിയതോടെയാണ് തങ്ങള്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാര്‍ട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോള്‍ തുറന്നുപറയുന്നതെന്നും'' ആകാശ് തുറന്നടിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റിന് കമന്റായാണ് ആകാശ് നിര്‍ണായക വിവരങ്ങള്‍ തുറന്നെഴുതിയത്. 

വെളിപ്പെടുത്തലിന് പിന്നാലെ  ആകാശിനെതിരെ സിപിഎമ്മിന് പരാതി ലഭിച്ചു.  മട്ടന്നൂരിലെ പാര്‍ട്ടി നേതാക്കളെ ആകാശ് തേജോവധം ചെയ്യുകയാണെന്നും സമൂഹമാധ്യമങ്ങളില്‍ നേതാക്കളെ അസഭ്യം പറയുന്ന സ്ഥിതിയുണ്ടെന്നും പാര്‍ട്ടി ഇടപെടണമെന്ന് ഡിവൈഎഫ്‌ഐ മട്ടന്നൂര്‍ ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ആകാശിന്റെ ക്വട്ടേഷന്‍ ബന്ധം ചോദ്യം ചെയ്തതാണ് വിരോധമെന്നാണ് ഡിവൈഎഫ്‌ഐ നേതാക്കളുടെ ആരോപണം.