മഹാരാഷ്ട്രയില്‍ ബി.ജെ.പി പിന്തുണയോടെ അജിത് പവാര്‍ മുഖ്യമന്ത്രിയാവും?
Tue, 18 Apr 2023

മുംബൈ- മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപിയിലെ ഭൂരിപക്ഷം എംഎല്‍എമാര്‍ ബിജെപി ക്യാമ്പിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം. ചേരിമാറ്റവുമായി ബന്ധപ്പെട്ട് അജിത് പവാര്‍ പാര്‍ട്ടി എംഎല്‍എമാരു ചര്‍ച്ച തുടരുകയാണെന്നാണ് സൂചന. ശരത് പവാര്‍ മൗനം തുടരുന്നതും അഭ്യൂഹത്തിന് ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്.എന്‍സിപിയുടെ 53 എംഎല്‍എമാരില്‍ 40 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് സൂചന. 40 എംഎല്‍എമാരുടെ ഒപ്പ് അജിത് പവാര്‍ ശേഖരിച്ചു വെച്ചതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അനുയോജ്യമായ സമയത്ത് എംഎല്‍എമാരുടെ ഒപ്പുകള്‍ അടക്കം ഗവര്‍ണര്‍ക്ക് കൈമാറാനാണ് അജിത് പവാര്‍ ക്യാമ്പിന്റെ തീരുമാനമെന്നാണ് വിവരം.
നിലവിലെ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്ക് പകരം ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയാകാനാണ് അജിത് പവാറിന്റെ നീക്കം. ശിവസേനയുടെ പിളര്‍പ്പുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി അടുത്തുതന്നെ വിധി പുറപ്പെടുവിക്കും. ഷിന്‍ഡെ വിഭാഗത്തെ അയോഗ്യരാക്കിയേക്കുമെന്ന നിയമവിദഗ്ധരുടെ അഭിപ്രായവും പുതി നീക്കത്തിന് ബിജെപിയെ പ്രേരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്.
പൂനെയില്‍ അടക്കമുള്ള പൊതു പരിപാടികള്‍ റദ്ദു ചെയ്ത് അജിത് പവാര്‍ മുംബൈയില്‍ തന്നെ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും കേന്ദ്രമന്ത്രി അമിത് ഷായും പച്ചക്കൊടി കാണിച്ചാല്‍ മഹാരാഷ്ട്രയില്‍ നിര്‍ണായക നീക്കമുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വിശ്വസ്തനും സ്വതന്ത്ര എംഎല്‍എയുമായ രവി റാണ സൂചിപ്പിച്ചു.
ശരദ് പവാറിന്റെ അനന്തരവനെന്ന നിലയില്‍ അജിതും കുടുംബവും വേട്ടയാടപ്പെടുകയാണെന്നും ഇതാണ് ബിജെപിയിലേക്ക് ചേക്കേറാന്‍ വഴിയൊരുക്കുന്നതെന്നുമാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. അതേസമയം, ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ അജിത് പവാര്‍ നേരത്തെ നിഷേധിച്ചിരുന്നു. എന്നാൽ മോഡി സ്തുതികൾ നടത്തുന്ന അജിത്, ബിജെപിയോട് അടുക്കുന്നതായാണ് കോൺഗ്രസും ശിവസേന (ഉദ്ധവ്)യും കരുതുന്നത്. വീർ സവർക്കർ വിവാദം, അദാനിക്കെതിരായ ജെപിസി അന്വേഷണം, മോഡിയുടെ വിദ്യാഭ്യാസ യോഗ്യത എന്നീ വിഷയങ്ങളിലെല്ലാം ബിജെപിക്ക് അനുകൂലമാണ് അജിത്തിന്റെ നിലപാട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അഴിമതിക്കേസുകൾ നേരിടുന്ന പാർട്ടിയായതിനാൽ ബിജെപിക്കൊപ്പം ചേർന്നു കേസുകളിൽ നിന്ന് രക്ഷപ്പെടാനാണ് നീക്കം എന്നും വ്യാഖ്യാനമുണ്ട്. ഇതിനിടെ, സംസ്ഥാന സഹകരണ ബാങ്കിലെ 25,000 കോടിയുടെ തട്ടിപ്പുകേസിലെ കുറ്റപത്രത്തിൽ നിന്ന് അജിത്തിനെയും ഭാര്യയെയും ഇഡി ഒഴിവാക്കുകയും ചെയ്തിരുന്നു.