LogoLoginKerala

പ്രതിപക്ഷ ആരോപണം ശുദ്ധ അസംബന്ധമെന്ന് എം വി ഗോവിന്ദന്‍

 
mv govindan

സതീശനും ചെന്നിത്തലയും കോടികളുടെ കാര്യത്തില്‍ ഒരു തീരുമാനത്തില്‍ ആദ്യം എത്തട്ടെ

കൊച്ചി- എഐ ക്യാമറ വിവാദത്തില്‍ കഴമ്പില്ലെന്നും ശുദ്ധ അസംബന്ധമാണ് പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും പറയുന്നതെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാഷ്. 100 കോടിയുടെ അഴിമതിയെന്നാണ് വി ഡി സതീശന്‍ പറയുന്നത്. 132 കോടിയെന്ന് രമേശ് ചെന്നിത്തല പറയുന്നു. ആദ്യം കോടികളുടെ കാര്യത്തില്‍ പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും ഒരു തീരുമാനത്തിലെത്തട്ടെ. ഇവര്‍ തമ്മിലുള്ള ചക്കളത്തിപോരാട്ടമാണ് നടക്കുന്നത്.

സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടിക്ക് വന്‍ ജനപിന്തുണയാണുള്ളത്. ഇത് മറച്ചുപിടിക്കാന്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. ആഗോളവല്‍ക്കരണ നയത്തെ എതിര്‍ക്കുന്ന കേരളത്തിലെ സര്‍ക്കാരിനെതിരായി കേന്ദ്രത്തിലെ ബിജെപിയും കേരളത്തിലെ കോണ്‍ഗ്രസും അപവാദ പ്രചാരവേല സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ക്യാമറ വിവാദം ഉയര്‍ത്തിക്കൊണ്ട് പ്രാവര്‍ത്തികമാകാന്‍ പോകുന്ന പദ്ധതികളെ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു.

അഴിമതിയാണെന്ന് കാണിക്കാന്‍ രേഖ കയ്യിലുണ്ടെന്ന് പദ്ധതിയുടെ ഒന്നാംഭാഗം മാത്രം നോക്കിയാണ് സതീശനും ചെന്നിത്തലയും പറയുന്നത്. രണ്ടാംഭാഗം നോക്കിയിട്ടില്ല. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് രണ്ടാം ഭാഗം വായിച്ചാല്‍ അത് വ്യക്തമാവും. പ്രസാഡിയോയ്ക്ക് റോഡ് ക്യാമറയുമായി യാതൊരു ബന്ധവുമില്ല. ഉപകരാര്‍ ഉണ്ടാക്കിയത് കെല്‍ട്രോണാണ്. അതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനല്ല. കെല്‍ട്രോണ്‍ ഒന്നും മറച്ചു വച്ചിട്ടില്ല. കെല്‍ട്രോണിനെ തകര്‍ക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. വിവരാവകാശ പ്രകാരം മാസങ്ങള്‍ക്കുമുന്‍പു തന്നെ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയതാണെന്നും ഉപകരാറുകളെല്ലാം നിയമപരമാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു മന്ത്രിയല്ല പദ്ധതിക്ക് അനുമതി നല്‍കിയത്, മന്ത്രിസഭയാണ്. മോട്ടോര്‍ വാഹന നിയമം നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത് അനുസരിച്ചാണ് പദ്ധതി തയാറാക്കിയത്. മാധ്യമങ്ങള്‍ രേഖകള്‍ പ്രസിദ്ധീകരിച്ചാല്‍ മാത്രം പോര. വായിച്ചുനോക്കണം. തെറ്റായ പ്രചാരവേല നടത്താന്‍ ശ്രമിക്കുകയാണ്. ആര്‍എസ്എസ് ചെയ്യുന്നതു പോലുള്ള കള്ളത്തരമാണ് ഇവരും ചെയ്യുന്നത്. പ്രതിപക്ഷ നേതൃത്വത്തില്‍ വടംവലിയാണ്. സതീശന്‍ പറയുന്നതിലും കൂടുതല്‍ പറയണമെന്നാണ് ചെന്നിത്തലയുടെ ഉന്നം. അടുത്ത തവണ പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യംവച്ചാണിത്.

ക്യാമറ സ്ഥാപിച്ചതിനു ശേഷം നിയമലംഘനങ്ങള്‍ കുറഞ്ഞു. ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യുന്ന വിഡിയോകള്‍ ശേഖരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ല. കെല്‍ട്രോണുമായാണ് സര്‍ക്കാര്‍ കരാറുണ്ടാക്കിയത്. ഉപകരാര്‍ നല്‍കാമെന്ന് ടെന്‍ഡര്‍ വ്യവസ്ഥയില്‍ തന്നെ പറയുന്നുണ്ട്.

232 കോടിയുടേതാണ് ഭരണാനുമതി. ക്യാമറകള്‍ സ്ഥാപിക്കാന്‍ 142 കോടി രൂപയാണ്. അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് 56.24 കോടി രൂപയാണ്. ജിഎസ്ടി 35.76 കോടിയാണ്. ഇതില്‍ 100 കോടിയുടെ അഴിമതി എവിടെനിന്നു കിട്ടിയ കണക്കാണ്. പദ്ധതിക്കായി ഖജനാവില്‍നിന്ന് ഒരു രൂപ പോലും ഇതുവരെ ചെലവാക്കിയിട്ടില്ല. പിന്നെ എവിടെയാണ് അഴിമതി - ഗോവിന്ദന്‍ മാഷ് ചോദിച്ചു