പിഴയടച്ച് കീശ കീറാതെ നോക്കാം, നാളെ മുതല്‍ നിരത്തുകള്‍ എഐ ക്യാമറകള്‍ ഭരിക്കും

കൊച്ചി- വാഹനമോടിക്കുന്നവരുടെ ശ്രദ്ധക്ക്. നാളെ മുതല്‍ കേരളത്തിലെ പ്രധാന റോഡുകളില്‍ ആര്‍ടിഫിഷ്യന്‍ ഇന്റലിജന്‍സ് (എഐ) ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങുകയാണ്. വാഹനമോടിക്കുമ്പോള്‍ ഇത് മറന്നു പോയാല്‍ പിഴയടച്ച് കീശ കീറും.
ഫുള്ളി ഓട്ടോമാറ്റഡ് ട്രാഫിക് എന്‍ഫോഴ്സ്മെന്റ് സിസ്റ്റമാണ് നാളെ മുതല്‍ നടപ്പാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാളെ മുതല്‍ 726 എ ഐ ക്യാമറകള്‍ മിഴി തുറക്കും. ഏറ്റവും ആധുനികമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറാ സംവിധാനത്തിലൂടെയായിരിക്കും വാഹന പരിശോധനകള്‍. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെയും പിന്‍സീറ്റില്‍ വരെ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുന്നവരെയും എഐ ക്യാമറക്കണ്ണുകള്‍ കണ്ടുപിടിക്കും. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ പിഴ 2000 ഒടുക്കണം. അമിത വേഗത്തിന് 1500 രൂപ, സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ഇല്ലെങ്കില്‍ 500 രൂപ, റിയര്‍ വ്യൂ മിറര്‍ ഇല്ലെങ്കില്‍ 250 രൂപ, ഇരുചക്ര വാഹനത്തില്‍ മൂന്ന് പേര്‍ യാത്ര ചെയ്താല്‍ 2000 രൂപ എന്നിങ്ങനെയാണ് പ്രധാന പിഴകള്‍. മറ്റ് നിയമ ലംഘനങ്ങള്‍ക്ക് വേറെയും പിഴയുണ്ട്. വാഹനം അനധികൃതമായി പാര്‍ക്ക് ചെയ്താല്‍ ഇനി സ്പോട്ടില്‍ പിഴ ഒടുക്കി രക്ഷപ്പെടാനാകില്ല. കേസ് കോടതിയിലെത്തി തടവോ പിഴയോ വിധിക്കും. ഫയര്‍ഫോഴ്സിനും ആംബുലന്‍സിനും വഴി നല്‍കിയില്ലെങ്കില്‍ ക്യാമറകള്‍ പിടി കൂടും. ഒന്‍പത് മാസത്തിന് താഴെയുളള കുട്ടികള്‍ ഒഴികെ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന എല്ലാവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. നിയമ ലംഘിച്ചാല്‍ ആറ് മണിക്കൂറിനുള്ളില്‍ വാഹന ഉടമയുടെ ഫോണില്‍ ഇത് സംബന്ധിച്ച് സന്ദേശം എത്തുകയും പിഴയടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.