എഐ ക്യാമറകള്‍ അഞ്ച് വര്‍ഷം കൊണ്ട് പരിച്ചെടുക്കുക 424 കോടി

തിരുവനന്തപുരം-എഐ ക്യാമറകള്‍ അഞ്ച് വര്‍ഷം കൊണ്ട് പിഴയായി പിരിച്ചെടുക്കാന്‍ ലക്ഷ്യമിടുന്നത് 424 കോടി രൂപ. കെല്‍ട്രോണിന്റെ സാങ്കേതിക-വാണിജ്യ പദ്ധതി രേഖയിലാണ് ഈ കണക്ക്. 232.25 കോടി ചെലവില്‍ സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറാ സംവിധാനത്തില്‍ നിന്ന് മൂന്നു വര്‍ഷം കൊണ്ടു തന്നെ മുടക്കുമുതലും പലിശയും തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിന് കഴിയും. 675 ഏ ഐ ക്യാമറകള്‍, 25 പാര്‍ക്കിംഗ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 18 റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 4 സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 4 മൊബൈല്‍ സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍ എന്നിവയാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്താനായി ആദ്യഘട്ടമായി സ്ഥാപിച്ചിരിക്കുന്നത്. ഹെല്‍മെറ്റ് ഇല്ലാതെയുളള യാത്ര, രണ്ടിലധികം പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നത്, ലൈന്‍ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള യാത്ര, മൊബൈലില്‍ സംസാരിച്ചുള്ള യാത്ര ഇങ്ങനെയുളള കുറ്റകൃത്യങ്ങളാണ് എ ഐ ക്യാമറ പ്രധാനമായും പിടിക്കുക. പ്രധാന കണ്‍ട്രോള്‍ റൂമില്‍ നിന്ന് എല്ലാ ജില്ലാ ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമിലേക്ക് ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്യുകയും അവിടെ നിന്ന് നോട്ടീസ് തയ്യാറാക്കി വാഹനം ഉടമകള്‍ക്ക് നല്‍കുകയും ചെയ്യും അതോടൊപ്പം തന്നെ വാഹന ഡാറ്റ ബേസില്‍ ഇ ചെല്ലാന്‍ സംവിധാനം വഴി കേസ് രേഖപ്പെടുത്തുകയും അത് സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള വിര്‍ച്ച്വല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്യും. മെയ് 19 വരെ പിഴയീടാക്കില്ലെന്നാണ് തീരുമാനം.
എഐ ക്യാമറകള്‍ നിലവിലുളള സ്ഥലത്ത് നിന്നും മറ്റിടങ്ങളിലും മാറ്റി സ്ഥാപിക്കും. എവിടെയൊക്കെയാണ് എഐ ക്യാമറകള്‍ ഉള്ളത് എന്നതിന്റെ വിവരങ്ങള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാണ്. അതിനാല്‍ മുന്‍കരുതലെടുത്ത് യാത്ര ചെയ്യാന്‍ കഴിയും. എന്നാല്‍ മാറ്റി സ്ഥാപിക്കല്‍ വരുന്നതോടെ ഇതിന് സാധിക്കാതെ വരും. റോഡ് നിലവാരം മെച്ചപ്പെട്ട സാഹചര്യത്തില്‍ വാഹനത്തിന്റെ വേഗ പരിധി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ തീരുമാനമുണ്ടാകും. നല്ല റോഡ് - പുതിയ വാഹനങ്ങളുടെ വേഗത എന്നിവ പരിഗണിച്ചായിരിക്കും തീരുമാനം.