LogoLoginKerala

80 വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിനുകൾ നിർമിക്കാൻ ഭേൽ കൺസോർഷ്യം

 
Vande bharat
ന്യൂഡൽഹി - വന്ദേ ഭാരത് മാതൃകയിലുള്ള 80 സെമി ഹൈസ്പീഡ് ട്രെയിനുകൾ നിർമിക്കാൻ റെയിൽവേ പൊതു മേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസുമായി (ബിഎച്ച്ഇഎൽ - ഭേൽ) കരാറൊപ്പിട്ടു. 80 സ്ലീപ്പർ ട്രെയ്നുകൾ നിർമിക്കാനാണു തീരുമാനം.
ആറു വർഷത്തിനകം 80 ട്രെയിനുകൾ നിർമിച്ച് കൈമാറണം. ഒപ്പം ഈ ട്രെയിനുകൾ 35 വർഷത്തേക്ക് പരിപാലിക്കുകയും വേണം. ഒരു ട്രെയിനിന് 120 കോടി രൂപയാണ് കൺസോർഷ്യം ക്വോട്ട് ചെയ്തിട്ടുള്ളത്. ഇ ക്കാര്യങ്ങൾ ബോംബേ സ്റ്റോക്ക് എ ക്സ്ചേഞ്ചിൽ സമർപ്പിച്ചിട്ടുള്ള റെഗു ലേറ്ററി ഫയലിങിൽ ഭേൽ വ്യക്തമാക്കിയിട്ടുണ്ട്.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയ്നുകൾ നിർമിക്കാനായി റെയിൽവേ ക്ഷണിച്ച ടെൻഡറിൽ റഷ്യൻ കമ്പനിയായ ട്രാൻസ്മാഷ്ഹോൾഡിങും പൊതുമേഖലാ സ്ഥാപനമായ ആർവിഎൻഎലും അടങ്ങുന്ന കൺസോർഷ്യമായിരുന്നു ഒന്നാം സ്ഥാനത്തെത്തിയത്. ഈ കമ്പനിക്ക് 120 ദീർഘദൂര ട്രെയ്നുകൾ നിർമിക്കാൻ കരാർ നൽകിയിട്ടുണ്ട്. ലേലത്തിലെ നിബന്ധനകൾ അനുസരിച്ചാണ് രണ്ടാം സ്ഥാനക്കാരായ ഭേൽ ക ൺസോർഷ്യത്തിന് 80 ട്രെയ്നുകൾ നിർമിക്കാനുള്ള ചുമതല നൽകുന്നത്. റെയിൽവേയുമായി മൊത്തം 23,000 കോടി രൂപയുടെ കരാറാണ് ഒപ്പിട്ടതെന്ന് ഭേൽ വ്യക്തമാക്കി. ഇതിൽ 9,600 കോടി രൂപ 80 ട്രെയ്നുകളുടെ വിലയാണ്. ശേഷിക്കുന്ന തുക ട്രെയ്നുകളുടെ അറ്റകുറ്റപ്പണികൾക്കായി ചെലവഴിക്കും.
മണിക്കൂറിൽ പരമാവധി 176 കി ലോമീറ്റർ വേഗമാർജിക്കുന്ന ട്രെയ്നു കൾ 160 കിലോമീറ്റർ വേഗത്തിലായിരിക്കും സർവീസ് നടത്തുകയെന്ന് കമ്പനി അറിയിച്ചു. ട്രെയ്നിന്റെ ട്രാക്ഷൻ കൺവർട്ടർ - ഇൻവർട്ടർ, ഓക്സിലറി കൺവർട്ടർ, ട്രെയ്ൻ കൺട്രോൾ മാനേജ്മെന്റ് സിസ്റ്റം, മോട്ടറുകൾ, ട്രാൻസ്ഫോർമറുകൾ, മെക്കാനിക്കൽ ബോഗികൾ എന്നിവയായിരിക്കും ഭേൽ നിർമിക്കുക. ബെംഗളൂരുവിലും ഭോപ്പാലിലും ഝാൻസിയിലുമുള്ള കേ ന്ദ്രങ്ങളിലായിരിക്കും നിർമാണം. മെക്കാനിക്കൽ കോച്ചിന്റെ നിർമാണമായിരിക്കും പങ്കാളിയായ ടിട്ടാഗഡിന്റെ പ്രധാന ചുമതല. നിലവിൽ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി പല മെട്രോ ശൃംഖലകൾക്കും ഈ കമ്പനി ട്രെയ്ൻ സെറ്റുകൾ നിർമിച്ചു നൽകുന്നുണ്ട്. നിലവിൽ വന്ദേഭാരത് കോച്ചുകൾ നിർമിക്കുന്ന ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്റ്ററിയിലായിരിക്കും പുതിയ സ്ലീപ്പർ ട്രെയ്നുകളും അസംബിൾ ചെയ്യുക. ഇരു കമ്പനികളും ചേർന്ന് ട്രെയ്നുകളുടെ അറ്റകുറ്റപ്പണികൾ നിർവഹിക്കും.
നിലവിൽ കേരളത്തിലേതടക്കമുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയ്നുകൾ ചെയർകാർ മാതൃകയിലുള്ളതാണ്. പകൽ സമയം സർവീസ് നടത്താൻ ഉദ്ദേശിച്ച് തയാറാക്കിയ ഈ ട്രെയ് നുകൾ ദീർഘദൂര രാത്രി യാത്രകൾക്ക്അനുയോജ്യമല്ല. ഈ സാഹചര്യത്തിലാണ് രാജധാനി മാതൃകയിൽ അതിവേഗ സ്ലീപ്പർ സർവീസുകൾ തുടങ്ങാൻ റെയിൽവേ പദ്ധതിയിടുന്നത്. കൂടുതൽ വേഗത്തിനു പുറമെ ലോക്കോ പൈലറ്റിനു നിയന്ത്രിക്കാവുന്ന ഹൈഡ്രോളിക് വാതിലുകൾ, വിമാനത്തിലെ മാതൃകയിലുള്ള ബയോവാക്വം ശുചിമുറികൾ, മികച്ച ഇന്റീരിയർ, സുരക്ഷാ സിസിടിവി ക്യാമറകൾ, സു ഖപ്രദമായ സീറ്റുകൾ, ശബ്ദം കടക്കാത്ത ക്യാബിൻ, വിശാലമായ ഇടനാഴികൾ തുടങ്ങിയ പ്രത്യേകതകളും വന്ദേ ഭാരത് ട്രെയ്നുകൾക്കുണ്ട്. ഇവയിൽ പല സവിശേഷതകളും സ്ലീപ്പർ ട്രെയ്നുകളിൽ നിലനിർത്തിയേക്കും.
ഘട്ടംഘട്ടമായി മണിക്കൂറിൽ 200 കിലോമീറ്ററായി ട്രെയ്നുകളുടെ വേഗത വർധിപ്പിക്കാനുള്ള പദ്ധതി റെയ്ൽവേയ്ക്കുണ്ട്. വന്ദേ ഭാരത് എക്സ്പ്രസുകൾക്കൊപ്പം പുതിയ സ്ലീപ്പർ ട്രെയ്നുകൾ കൂടി എത്തുന്നതോടെ ഇന്ത്യൻ റെയ്ൽവേയുടെ മുഖം മാറുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ. സ്ലീപ്പർ ട്രെയ്നുകൾക്കു പുറമെ വന്ദേ ഭാരത് മാതൃകയിൽ വന്ദേ ഹ്രസ്വദൂര മെട്രോ ട്രെയ്നുകൾ ആരംഭിക്കാനും റെയ്ൽവേയ്ക്ക് പദ്ധതിയുണ്ട്.