LogoLoginKerala

നീണ്ട ഇടവേളയ്ക്ക് ശേഷം രാഹുൽ ഗാന്ധി പാർലമെന്റിൽ

അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് തുടക്കമിടാനൊരുങ്ങി രാഹുൽ
 
Rahul’s Gandhi at Parliament
ഇന്ത്യാ മുദ്രാവാക്യത്താൽ മുഖരിതമായ കോൺഗ്രസ് നേതാക്കളുടെ മുദ്രാവാക്യം വിളികൾക്കിടെരാഹുൽഗാന്ധി പാർലെമെന്റിൽ. 134 ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം. ഗാന്ധി പ്രതിമയെ വണങ്ങിയതിന് ശേഷം പാർലമന്റിലേക്ക്. പ്രതിപക്ഷത്തെ എംപിമാർ പാർലമെന്റിന് മുന്നിൽ രാഹുലിനെ സ്വീകരിച്ചു. മണിപ്പൂർ വിഷയം സഭയിൽ ശക്തമാക്കാനിരിക്കുന്ന പ്രതിപക്ഷത്തിന് രാഹുലിന്റെ തിരിച്ച് വരവ് വലിയ ഊർജമേകും. മണിപ്പൂർ വിഷയം കൂടുതൽ ആധികാരികമായി ഉന്നയിക്കാനാണ് നീക്കം.

ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിനാൽ രാഹുലിന് അവിശ്വാസപ്രമേയ ചർച്ചയിലും പങ്കെടുക്കാൻ കഴിയും. ഇത് കോൺഗ്രസിനും ഇന്ത്യസഖ്യത്തിനും നൽകുന്ന ആത്മവിശ്വാസം ചെറുതാകില്ല. മണിപ്പുര്‍ സംഘര്‍ഷത്തില്‍ ഇന്ത്യ സഖ്യത്തിനുവേണ്ടി ഗൗരവ് ഗൊഗോയി അവതരിപ്പിച്ച പ്രമേയത്തിന്മേല്‍ ചൊവ്വാഴ്ചയാണ് ചര്‍ച്ച. കോണ്‍ഗ്രസില്‍ നിന്ന് രാഹുല്‍ഗാന്ധി ചര്‍ച്ചയ്ക്ക് തുടക്കമിടും. വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്നടക്കം ആവശ്യപ്പെടും. കലാപ കലുഷിതമായ മണിപ്പൂരിലേക്ക് ആദ്യമെത്തിയത് രാഹുലായിരുന്നു. കേന്ദ്രത്തിന്റെയും ബിജെപിയുടേയും സംസ്ഥാന സർക്കാരിന്റെയും എതിർപ്പുകൾക്കിടെയായിരുന്നു സന്ദർശനം.മണിപ്പുരിലെ വിവിധ വിഭാഗങ്ങളുമായും പൗരപ്രമുഖരുമായും കൂടിക്കാഴ്ച നടത്തുകയും സമാധാനം പുനസ്ഥാപിക്കാൻ പരമാവധി ശ്രമിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.  ഈ സാഹചര്യത്തിൽ വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിച്ച് രാഷ്ട്രീയ തിരിച്ചുവരവ് തന്നെയാണ് രാഹുലിലൂടെ കോൺഗ്രസ് കണക്കുകൂട്ടുന്നത്.  

സഭയുടെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിവസം മുതല്‍ തന്നെ മണിപ്പുര്‍ വിഷയത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചയെന്ന ആവശ്യവുമായി ഇന്ത്യ സഖ്യം രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി വ്യക്തമായി പ്രതികരിക്കാത്ത സാഹചര്യത്തിൽ അവിശ്വാസപ്രമേയ ചര്‍ച്ച വഴി  സഭയില്‍ മറുപടി നല്‍കാന്‍ നിര്‍ബന്ധിതനാക്കുക എന്ന നീക്കത്തിലാണ് പ്രതിപക്ഷ സഖ്യം. സുപ്രീം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചത്. അപകീർത്തി കേസിൽ സുപ്രീം കോടതി വിധി വന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും എംപി സ്ഥാനം പുനസ്ഥാപിക്കാൻ ലോക്സഭാ സ്പീക്കർ തയ്യാറായിരുന്നില്ല. സ്പീക്കറുടെ ഒഴിഞ്ഞ് മാറ്റത്തിനെതിരെ കോൺഗ്രസ് പ്രതിഷേധത്തിനും നിയമനടപടികളിലേക്കും നീങ്ങാനിരിക്കെയാണ് എംപി സ്ഥാനം പുനഃസ്ഥാപിച്ച് വിജ്ഞാപനം ലോക്സഭ പുറത്തിറക്കിയത്.