നടിയെ ആക്രമിച്ച കേസില്‍ വിധി രണ്ടു മാസത്തിനകം, ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരം തുടങ്ങി

കൊച്ചി- അഞ്ച് വര്‍ഷം മുമ്പ് പ്രമുഖ നടിയെ ആക്രമിച്ച ഓടുന്ന കാറില്‍ ലൈംഗിക പീഢനത്തിനിരയാക്കിയെന്ന കേസില്‍ രണ്ടു മാസത്തിനുള്ളില്‍ വിചാരണ കോടതി അന്തിമ വിധി പറയും. നിയമ തടസങ്ങളെല്ലാം നീങ്ങിയതോടെ അന്തിമ സാക്ഷി വിസ്താരം ആരംഭിച്ചു. പ്രധാന സാക്ഷി ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് നടക്കുന്നത്. വ്യാഴാഴ്ച ആരംഭിച്ച സാക്ഷി വിസ്താരം ദിവസങ്ങള്‍ നീണ്ടേക്കും. നാലു ദിവസത്തെ സമയപരിധിയാണ് ബാലചന്ദ്രകുമാറിന്റെ വിസ്താരത്തിന് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങ് ആയതിനാലും ബാലചന്ദ്രകുമാര്‍ രണ്ടു വൃക്കകളും തകരാറിലായി ചികിത്സയിലായതിനാലും വിചാരണ കുറച്ചു ദിവസം നീളാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം കോടതിയിലാണ് ബാലചന്ദ്രകുമാറിന് വീഡിയോ കോണ്‍ഫറന്‍സിങ്ങിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. ബാലചന്ദ്രകുമാറിന്റെ വിസ്താരം കഴിഞ്ഞാല്‍ ഫൊറന്‍സക് പരിശോധന നടത്തിയ വിദഗ്ധരുടെ വിസ്താരമാകും നടക്കുക. അതിന് ശേഷം അന്വേഷണ ഉ്‌ദ്യോഗസ്ഥനായ ബൈജു പൗലോസിനെ വിസ്തരിക്കും. ഏപ്രിലില്‍ വിസ്താരം പൂര്‍ത്തിയാക്കി മെയ് മാസത്തില്‍ വിധി പറയാന്‍ കഴിയുന്ന വിധത്തലാണ് വിചാരണ മുന്നോട്ടു പോകുന്നത്. നയമപരമായ തടസപ്പെടുത്തലുകള്‍ ഉണ്ടായില്ലെങ്കില്‍ കോളിളക്കം സൃഷ്ടിച്ച ഈ കേസില്‍ അ്ന്തമ വിധി വരും.
പ്രതിഭാഗം അഭിഭാഷകരാണ് ബാലചന്ദ്രകുമാറിനെ വിസ്തരിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രോസിക്യൂഷന്‍ മൂന്നുതവണയായി ബാലചന്ദ്രകുമാറിനെ വിസ്തരിച്ചിരുന്നു. പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം തുടങ്ങുന്ന ഘട്ടത്തിലാണ് വൃക്ക രോഗബാധിതനായി ബാലചന്ദ്രകുമാര്‍ ചികിത്സയിലായത്. വീഡിയോ കോണ്‍ഫറന്‍സിങ്ങ് ഒഴിവാക്കി ബാലചന്ദ്രകുമാറിനെ നേരിട്ട് വിസ്തരിക്കണമെന്നാണ് എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നത്. എറണാകുളത്ത് എത്താന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെ വിചാരണ ജഡ്ജിയും പ്രതിഭാഗം വക്കീലന്‍മാരും തിരുവനന്തപുരത്തെത്തി വിസ്താരം നടത്താന്‍ ഒരുങ്ങിയെങ്കിലും ഹൈക്കോടതി ഇതിന് അനുമതി നല്‍കിയില്ല.
2017 ഫെബ്രുവരി 17 നാണ് കൊച്ചിയില്‍ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ കാറില്‍ അതിക്രമിച്ച് കയറിയ സംഘം താരത്തെ അക്രമിക്കുന്നതും, അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും. ജൂലൈ 10 നാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദിലീപ് കേസില്‍ അറസ്റ്റിലായി ജയിലിലാകുന്നത്. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെത്തി നില്‍ക്കെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേസിന്റെ ഗതിയെ തന്നെ മാറ്റിമറിച്ചു. അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപിനെ ഒന്നാം പ്രതിയാക്കി പുതിയ കേസെടുത്തു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ജനുവരി 9നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ഈ ഇടപെടല്‍. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍.സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, സായ് ശങ്കര്‍ എന്നിവരാണ് പ്രതിപട്ടികയില്‍ ഇടംപിടിച്ച മറ്റുള്ളവര്‍.