പെയ്തത് ആസിഡ് മഴയെന്നും അല്ലെന്നും വിഗദ്ധര്‍

കൊച്ചിയില്‍ പെയ്തത് അമ്ലമഴയാണോ എന്ന കാര്യത്തില്‍ ശാസ്ത്രനിരീക്ഷകര്‍ക്കിടയില്‍ രണ്ടഭിപ്രായം. ബ്രഹ്്മപുരത്ത് 11 ദിവസം കത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നുള്ള പുകയാണോ ആദ്യ മഴയില്‍ അമ്ലത സൃഷ്ടിച്ചതെന്ന് വ്യക്തമായി പറയാന്‍ ആരും തയ്യാറല്ല. സ്വതന്ത്ര ശാസ്ത്ര നിരീക്ഷകരാണ് ആദ്യമഴയില്‍ അമ്ല സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ കൊച്ചി പോലെ വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രദേശത്ത് ആദ്യവേനല്‍ മഴയില്‍ നേരിയ തോതില്‍ അമ്ലത ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന നിലപാടിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ആദ്യ മഴയുടെ അഞ്ച് മിനിറ്റിനപ്പുറം ഇത് നീണ്ടു നില്‍ക്കില്ലെന്നും അവര്‍ പറയുന്നു.
ശാസ്ത്രനിരീക്ഷകനായ രാജഗോപാല്‍ കമ്മത്ത് ലിറ്റ്മസ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ആദ്യമഴയില്‍ അമ്ലത തിരിച്ചറിഞ്ഞത്. കൊച്ചിയില്‍ പെയ്ത മഴയുടെ പി എച്ച് മൂല്യം 4.5 വരെയാണെന്നും നേര്‍ത്ത സള്‍ഫ്യുരിക് ആസിഡിന്റെ സാന്നിധ്യമുണ്ടെന്നുമാണ് കമ്മത്ത് പറയുന്നത്. നേര്‍ത്ത അളവില്‍ അമ്ല സാന്നിധ്യം നമ്മള്‍ കഴിക്കുന്ന ഭക്ഷ്യവസ്തുക്കളിലുമുണ്ട്. അതിനാല്‍ നേര്‍ത്ത സള്‍ഫ്യുരിക് ആസിഡിന്റെ സാന്നിധ്യത്തില്‍ ആശങ്കപ്പെടാനില്ലെന്നും കമ്മത്ത് പറയുന്നു. നഗരവത്കരണം, വ്യവസായശാലകള്‍, അഗ്‌നിപര്‍വതസ്‌ഫോടനങ്ങള്‍,ചില പ്രകൃതി പ്രതിഭാസങ്ങള്‍ തുടങ്ങിയവ മഴവെള്ളത്തില്‍ അമ്ലസാന്നിധ്യമുണ്ടാക്കും. മഴവെള്ളം അസിഡിക് ആണ്. അതിന്റെ പി എച്ച് മൂല്യം 5 മുതല്‍ 5.6 വരെയാണ്. കൊച്ചിയില്‍ പെയ്ത മഴയുടേത് 4.5 ആകാനിടയുണ്ട്. ആ വ്യത്യാസമാണ് ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.
എന്നാല്‍ രാജഗോപാല്‍ കമ്മത്തിന്റെ നിഗമനങ്ങള്‍ക്ക് ശാസ്ത്രീയാടിത്തറയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നു. അദ്ദേഹം വെള്ളം എടുത്തത് എവിടെ നിന്നാണ്, പെയ്തുകൊണ്ടിരിക്കുന്ന വെള്ളമാണോ ഭൂമിയില്‍ പതിച്ച ശേഷമുള്ള വെള്ളമാണോ, ലിറ്റ്മസ് പേപ്പര്‍ പുതിയതാണോ എന്ന് വ്യക്തമല്ല. അദ്ദേഹം പുറത്തുവിട്ട ലിറ്റ്മസ് പേപ്പറിന്റെ ചിത്രത്തില്‍ നിറവ്യത്യാസം ചിലയിടങ്ങളില്‍ മാത്രമാണ് കാണുന്നത്. ആസിഡ് സാന്നിധ്യമുണ്ടെങ്കില്‍ പേപ്പറിന്റെ മുഴുവന്‍ ഭാഗവും നിറം മാറിയാകും കാണപ്പെടുക. അമ്ലത ഉണ്ടെന്ന് പറയുന്ന മഴവെള്ളത്തിന്റെ സാമ്പിള്‍ എടുത്ത് ശാസ്ത്രീയമായി പരിശോധിച്ചാല്‍ മാത്രമേ അതില്‍ അമ്ലത എത്രത്തോളമാണെന്ന് പറയാന്‍ കഴിയൂ. ഒരുപാട് വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് നിരന്തരമായി പുകപുറത്തുവന്നുകൊണ്ടിരിക്കുന്ന കൊച്ചിയില്‍ ആദ്യമഴയില്‍ അമ്ലത അല്‍പം കൂടുതലായി കണ്ടാലും അതില്‍ അസാധാരണമായി ഒന്നുമില്ല. ഇത്തരം പ്രചാരണങ്ങളില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് പി സി ബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്നലെ പെയ്ത മഴയുടെ സാമ്പിള്‍ പരിശോധന നടത്താന്‍ പി സി ബിക്ക് കഴിഞ്ഞിട്ടില്ല. വിവാദമുണ്ടായ സാഹചര്യത്തില്‍ അടുത്ത മഴയുടെ സാമ്പിള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് പി സി ബി ചീഫ് എഞ്ചിനീയര്‍ പി കെ ബാബുരാജ് പറഞ്ഞു.