LogoLoginKerala

ചരിത്രനേട്ടവുമായി അഭിലാഷ് ടോമി, ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനം

 
abhilash tomy

കൊച്ചി- ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ചരിത്രനേട്ടവുമായി മലയാളി നാവികന്‍ അഭിലാഷ് ടോമി. മത്സരം പൂര്‍ത്തീകരിച്ച് ഫ്രഞ്ച് തീരം തൊട്ടത് രണ്ടാം സ്ഥാനവുമായി. നേട്ടതോടെ ഗോള്‍ഡണ്‍ ഗ്ലോബ് റേസ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരനായി അഭിലാഷ് ടോമി. ദക്ഷിണാഫ്രിക്കയുടെ കിര്‍സ്റ്റന്‍ ന്യൂഷഫറാണ് ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് റേസ് ജേതാവ്.

2022 സെപ്തബറില്‍ ഫ്രഞ്ച് തുറമുഖമായ ലെ സാബ് ലെ ദെലോനില്‍ നിന്ന് തുടങ്ങിയ സഹാസിക കടല്‍ യാത്ര. സഹായത്തിന് 1968 ല്‍ ഉപയോഗിച്ചിരുന്ന ആശയവിനിമയ സങ്കേതങ്ങള്‍ മാത്രം. സഹായികളില്ല, സഹായത്തിനായി എവിടെയും നിര്‍ത്താനും കഴിയില്ല. ഒപ്പം മത്സരിക്കുന്നത് ലോകത്തിന്റെ പല കോണില്‍ നിന്നും എത്തിയ പ്രഗത്ഭരായ നാവികര്‍. പക്ഷേ 2018 ലെ നഷ്ടം നികത്താന്‍ കടലിലിറങ്ങിയ മലയാളി നാവികന്‍ അഭിലാഷ് ടോമിക്ക് ഇത്തവണ പിഴച്ചില്ല. ബയാനത്ത് എന്ന തന്റെ പാഴ് വഞ്ചിയുമായി ലോകത്തിലെ മഹാസമുദ്രങ്ങള്‍ എല്ലാം പിന്നിട്ട് അയാള്‍ മത്സരം പൂര്‍ത്തീകരിച്ചു. അതും ചരിത്രമെഴുതി രണ്ടാം സ്ഥാനക്കാരനായി.

ഇന്നേവരെ ഒരു ഏഷ്യാക്കാരനും സ്വപ്‌നം പോലും കാണാന്‍ കഴിയാതിരുന്ന നേട്ടം അഭിലാഷ് ടോമി നേടിയെടുത്തത് 236 ദിവസവും 14 മണിക്കൂറും കൊണ്ടാണ്. ഫിനീഷിംഗ് പോയിന്റായ ഫ്രഞ്ച് തീരം തൊടാന്‍ അഭിലാഷ് താണ്ടിയത് 48,000 കിലോമീറ്റര്‍. കൂടെ മത്സരിച്ചിരുന്നവരില്‍ പലരും പാതിവഴിയില്‍ മത്സരം ഉപേക്ഷിച്ചപ്പോള്‍ അഭിലാഷ് ധൈര്യത്തോടെ കൃത്യമായി പോരാടി. കഴിഞ്ഞ തവണ കടല്‍ക്കലിയില്‍ അവസാനിപ്പിക്കേണ്ടി വന്ന മോഹം ചരിത്രതീരത്തെത്തിക്കാന്‍.

ദക്ഷിണാഫ്രിക്കന്‍ വനിത കിര്‍സ്റ്റന്‍ ന്യൂഷഫറാണ് ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് റേസ് ജേതാവ്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇവര്‍ മത്സരം പൂര്‍ത്തികരിച്ചത്.