മഅ്ദനിക്ക് ഉടന്‍ കേരളത്തിലേക്ക് പോകാനാകില്ലെന്ന് കര്‍ണാടക പോലീസ്

ബാംഗ്ലൂര്‍ - പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി അനുമതി നല്‍കിയെങ്കിലും യാത്രക്ക് കര്‍ണ്ണാടക പോലീസിന്റെ അനുമതിയായില്ല. യാത്ര മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് മഅ്ദനിയുടെ കുടുംബം രംഗത്തെത്തി. സംഭവത്തില്‍ പി ഡി പി നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നുണ്ട്.
കേരളത്തിലെ സുരക്ഷ വിലയിരുത്തിയ ശേഷം മാത്രമേ ഇങ്ങോട്ടുള്ള യാത്ര അനുവദിക്കുകയുള്ളൂവെന്നാണ് കര്‍ണാടക പോലീസ് നിലപാട്. എപ്പോഴാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നതിനെപ്പറ്റി വ്യക്തമായ വിശദീകരണം നല്‍കാന്‍ പോലീസ് തയ്യാറല്ല. കര്‍ണാടക പോലീസിന്റെ സംരക്ഷണയിലായിരിക്കും മഅ്ദനി കേരളത്തില്‍ കഴിയുക എന്നാണ് സുപ്രീം കോടതി വിധിയിലുള്ളത്. ഈ പഴുതുപയോഗിച്ച് സുരക്ഷാ പരിശോധനകള്‍ നടത്തിയ ശേഷം മാത്രം മഅ്ദനിയെ കൊണ്ടു പോയാല്‍ മതിയെന്നാണ് കര്‍ണാടക പോലീസ് നിലപാടെടുത്തിരിക്കുന്നത്. പരിശോധനകള്‍ക്കായി കര്‍ണാടക പോലീസ് ടീം ഉടന്‍ കേരളത്തിലെത്തും.
ഏത് വിധേയനയും അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര വൈകിപ്പിക്കുകയാണ് കര്‍ണ്ണാടക പോലീസിന്റെ ലക്ഷ്യമെന്നാണ് കുടുംബം പറയുന്നത്. ഇതിനായി ഓരോ കാരണങ്ങള്‍ നിരത്തുകയാണ്. ബെംഗളുരു സ്ഫോടന കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്ന അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് ജാമ്യ വ്യവസ്ഥകള്‍ പ്രകാരം ബാംഗ്ലൂര്‍ വിട്ടു പോകാന്‍ അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍ വ്യക്കകള്‍ തകരാറിലായതിനാല്‍ വൃക്ക മാറ്റിവെയ്ക്കുന്നതിന് ദാതാവിനെ കണ്ടെത്താനും, പിതാവിന്റെ ആരോഗ്യ നില വഷളായതിനാല്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതിനുമായി കേരളത്തില്‍ പോകാന്‍ ജാമ്യ വ്യവസ്ഥയില്‍ ഒരു മാസത്തെ ഇളവ് അനുവദിക്കണമെന്നാണ് അബ്ദുള്‍ നാസര്‍ മഅ്ദനി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിനെ കര്‍ണ്ണാടക സര്‍ക്കാര്‍ പ്രതികാര ബുദ്ധിയോടെ ശക്തമായി എതിര്‍ത്തിരുന്നു. കേരളത്തില്‍ പോകാന്‍ അനുവദിച്ചാല്‍ മഅ്ദനി രക്ഷപ്പെടുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും അടക്കമുള്ള കാര്യങ്ങളാണ് കര്‍ണ്ണാടക സര്‍ക്കാര്‍ സപ്രീം കോടതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദമുഖങ്ങളെല്ലാം തള്ളിക്കൊണ്ടാണ് ജൂലൈ 10 വരെ കേരളത്തില്‍ കഴിയാന്‍ രണ്ട് ദിവസം മുന്‍പ് സുപ്രീം കോടതി അബ്ദുള്‍ നാസര്‍ മഅ്നിയ്ക്ക് അനുവാദം നല്‍കിയത്. ഇത് കര്‍ണ്ണാടക സര്‍ക്കാറിന് വലിയ തിരിച്ചടിയായി. ഇതിന്റെ പ്രതികാരമായി ഓരോ കാരണങ്ങള്‍ പറഞ്ഞ് അബ്ദുള്‍ നാസര്‍ മഅ്നിയുടെ യാത്ര വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. മഅ്ദനിക്ക് എപ്പോള്‍ കേരളത്തിലേക്ക് വരാനാകുമെന്ന് പറയാനാവാത്ത അവസ്ഥയിലാണ്. കേരളത്തില്‍ എത്തിയാല്‍ കര്‍ണ്ണാടക പോലീസിന്റെ കനത്ത സുരക്ഷാവലയം മഅ്ദനിക്ക് ചുറ്റുമുണ്ടാകും.