LogoLoginKerala

തട്ടിക്കൊണ്ടു പോയ പ്രവാസിയെ മൈസൂരിൽ ഇറക്കി വിട്ടു, പോലീസ് കണ്ടെത്തിയത് താമരശ്ശേരിയിലെ ഭാര്യവീട്ടിൽനിന്ന്

 
 Shafi
കോഴിക്കോട് - സ്വർണക്കടത്ത് സംഘം വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവ് ഷാഫിയെ പോലീസ് കണ്ടെത്തിയത് താമരശ്ശേരി തച്ചൻപൊയിലിലെ ഭാര്യാ വീട്ടിൽനിന്ന്. ഏപ്രിൽ ഏഴിന് പരപ്പൻപൊയിലിലെ കുറുന്തോട്ടിക്കണ്ടി വീട്ടിൽനിന്ന് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ അക്രമിസംഘം പോലീസ് അന്വേഷണം തങ്ങളിലേക്കെത്തുമെന്ന് ഉറപ്പായതോടെ ഷാഫിയെ മൈസൂരിൽ ഇറക്കിവിടുകയായിരുന്നു. 
കർണാടകയിലെ ക്വട്ടേഷൻ സംഘം വഴിയിൽ ഉപേക്ഷിച്ചതിന് പിന്നാലെ മൈസൂരിൽനിന്ന് ബസിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് ഷാഫി ഭാര്യ സനിയ്യയുടെ താമരശ്ശേരി തച്ചൻപൊയിലിലെ വീട്ടിലെത്തിയതെന്നാണ് വിവരം. വീട്ടിലെത്തിയ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഷാഫിയെ വടകര എസ്.പി ഓഫീസിൽ കൊണ്ടുപോയി വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. 
ക്വട്ടേഷൻ സംഘം പൊക്കിയ ഷാഫിയെ 11-ാം ദിവസമാണ് പോലീസിന് കണ്ടെത്താനായത്. ഷാഫിയുടെ വരവിലും ഇറക്കിവിടലിലും വീഡിയോ സന്ദേശങ്ങളിലുമെല്ലാം ദുരൂഹതയുളവാക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ടെങ്കിലും കൃത്യമായ തെളിവെടുപ്പിലൂടെ സത്യാവസ്ഥ തെളിയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
 ഷാഫിയെ തട്ടിക്കൊണ്ടുപോയത് കർണാടകയിലെ ക്വട്ടേഷൻ സംഘമെന്നാണ് ചോദ്യം ചെയ്യലിനുശേഷം ഡി.ഐ.ജി പി വിമലാദിത്യ പ്രതികരിച്ചത്. ക്വട്ടേഷൻ സംഘം ഷാഫിയെ മൈസൂരിൽ ഇറക്കി വിടുകയായിരുന്നു. അന്വേഷണം പ്രതികളിലേക്ക് എത്തുമെന്ന ഘട്ടത്തിലാണ് ക്വട്ടേഷൻ സംഘം ഷാഫിയെ മൈസൂരിൽ ഇറക്കി വിട്ടത്. കേസിൽ അറസ്റ്റിലായവർക്ക് സ്വർണക്കടത്ത് സംഘവുമായി വ്യക്തമായ ബന്ധമുണ്ടെന്നും അവരുടെയെല്ലാം ഇടപെടൽ വിശദമായി അന്വേഷിക്കുമെന്നും ഡി ഐ ജി വ്യക്തമാക്കി.