വിഴിഞ്ഞം സ്റ്റേഷന്‍ ആക്രമണം; പൊലീസ് കടുത്ത നടപടികളിലേക്ക്
വിഴിഞ്ഞത്ത് ഇന്നലെയുണ്ടായ അക്രമസംഭവങ്ങളില്‍ കടുത്ത നടപടികളിലേക്ക് കടന്ന് പൊലീസ്. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ കണ്ടാലറിയാവുന്ന 3,000 പേര്‍ക്കെതിരെ കേസെടുത്തു. സ്ഥലത്ത് ആയിരത്തിലധികം പൊലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. ഗുരുതരമായ കുറ്റങ്ങളാണ് സമരക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റപത്രത്തില്‍ ആരുടെയും പേര് ചേര്‍ത്തിട്ടില്ല. കുട്ടികളും പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കാളികളായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. പൊലീസിനെ സമരക്കാര്‍ ബന്ദിയാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സമരക്കാരെ വിട്ടയച്ചില്ലെങ്കില്‍ പൊലീസുകാരെ കത്തിച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കമ്പിവടികളും കല്ലും ഉപയോഗിച്ച് പൊലീസ് സ്റ്റേഷന്‍ അക്രമിച്ചു. അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു. മാരകായുധങ്ങളുമായി ഡ്യൂട്ടിയിലുള്ള പൊലീസുകാരെ ആക്രമിച്ചു. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
അക്രമം നടന്ന വിഴിഞ്ഞത്ത് അതീവ സുരക്ഷ ഏര്‍പ്പെടുത്തി. അഞ്ച് ജില്ലകളില്‍നിന്നായാണ് പൊലീസുകാരെ എത്തിച്ചത്. കസ്റ്റഡിയിലെടുത്ത നാലുപേരെ രാവിലെ വിട്ടയച്ചു. സ്റ്റേഷന്‍ ജാമ്യത്തിലാണ് ഇവരെ വിട്ടത്. ഇന്നലത്തെ ചര്‍ച്ചയില്‍ ഇക്കാര്യം തീരുമാനമായിരുന്നു. ആദ്യം കസ്റ്റഡിയിലെടുത്ത സെല്‍ട്ടന്‍ റിമാന്‍ഡിലാണ്.
ഏതു ചര്‍ച്ചകയ്ക്കും സഭ തയാറാണെന്ന് വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞു. എല്ലാ കാര്യങ്ങളും സമാധാനപരമായി അവസാനിക്കണമെന്നാണ് ആഗ്രഹം. തുടര്‍കാര്യങ്ങളെല്ലാം ആലോചിച്ച ശേഷം തീരുമാനിക്കും. താന്‍ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ കേസെടുക്കണമെന്നും പെരേര പറഞ്ഞു. സമരക്കാരുമായി ഇന്ന് വീണ്ടും സമാധാന ചര്‍ച്ച നടക്കും. സര്‍വകക്ഷി യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുത്തേക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ 36 പൊലീസുകാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.