LogoLoginKerala

വിഴിഞ്ഞം കലാപം; സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് കെ സുരേന്ദ്രന്‍

 
K Surendran
കഴിഞ്ഞ ദിവസം പൊലീസിന്റെ കണ്‍മുന്നിലാണ് തുറമുഖ വിരുദ്ധ സമരക്കാര്‍ സമരത്തെ എതിര്‍ക്കുന്നവരെ ആക്രമിച്ചത്. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടെന്ന് കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി

തിരുവനന്തപുരം: വിഴിഞ്ഞത്ത് കലാപം സാഹചര്യം ഉണ്ടാകാന്‍ കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇന്റലിജന്‍സ് സംവിധാനങ്ങളുടെ പരാജയമാണ് ഇത്രയും വ്യാപകമായ അക്രമം ഭരണസിരാ കേന്ദ്രത്തിനടത്ത് നടക്കാന്‍ കാരണം. സര്‍ക്കാരിലെ ഒരു വിഭാഗം സമരക്കാര്‍ക്ക് ഒത്താശ ചെയ്തപ്പോള്‍ ചിലര്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു.

ഹൈക്കോടതി നിരവധി തവണ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഭരണകൂടം മൃദുസമീപനം കൈക്കൊള്ളുകയായിരുന്നു. വേണ്ടത്ര പൊലീസിനെ വിഴിഞ്ഞത്ത് വിന്യസിക്കാതെ സമരം കലാപമായി മാറിയത് സര്‍ക്കാരിന്റെ പരാജയമാണ്. കഴിഞ്ഞ ദിവസം പൊലീസിന്റെ കണ്‍മുന്നിലാണ് തുറമുഖ വിരുദ്ധ സമരക്കാര്‍ സമരത്തെ എതിര്‍ക്കുന്നവരെ ആക്രമിച്ചത്. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടെന്ന് കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

അതേസമയം, സംഘര്‍ഷത്തില്‍ വിഴിഞ്ഞം പൊലീസ് സറ്റേഷന്‍ പൂര്‍ണ്ണമായി തകര്‍ന്നു. രണ്ടായിരത്തിലധികം ആളുകളാണ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തിയത്. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുപ്പത്തതിയഞ്ചോളം പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ നാല് പൊലീസുകാരെ തിരുവനന്തപുരം മെഡിക്കല്‍ കോളോജിലേക്ക് കൊണ്ടു പോയി. ഒരാളുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റ പലയാളുകളും വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്റ്റേഷന്‍ പരിസരത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കലക്ടറും കമ്മീഷണറും സംഘര്‍ഷസ്ഥലത്തെത്തി കാര്യങ്ങള്‍ വിലയിരുത്തുകയാണ്. നിലവില്‍ സമരക്കാര്‍ ഹാര്‍ബറിലേക്ക് പിന്‍വാങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.