ഹൃദയമിടിപ്പിനൊടുവില്‍ പെനാല്‍റ്റിയിലൂടെ വിജയം; അര്‍ജെന്റീന സെമിയില്‍
ദോഹ: അടിക്കടി തിരിച്ചടി പിന്നെയും അടി'വാശിയേറിയ അര്‍ജെന്റീന- നെതര്‍ലാന്‍ഡ്‌സ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ സെമിയില്‍ പ്രവേശിച്ച് മിശിഹായും സംഘവും. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍ നേടി. അധിക സമയത്തും സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിനാണ് നീലപ്പട കുതിച്ചുയര്‍ന്നത്. നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ രണ്ട് കിക്കുകളും ലക്ഷ്യം തെറ്റിയപ്പോള്‍ നീലപ്പടയുടെ നാലാം കിക്കാണ് പാഴായിപ്പോയത്.
കളിയുടെ ആദ്യ പകുതിയില്‍ തന്നെ ഇരു ടീമുകളും പ്രതിരോധം തീര്‍ത്തു തന്നെയാണ് മുന്നേറിയത്. എന്നാല്‍ കളിയുടെ 34ാം മിനിറ്റില്‍ മെസിയുടെ മുന്നേറ്റമാണ് മൊളീനയുടെ കാലിലൂടെ ഗോളായി പിറന്നത്. മൊളീനയുടെ ലോകകപ്പിലെ ആദ്യത്തെ ഗോള്‍ കൂടിയായിരുന്നു ഇത്. പിന്നീട് കളിയുടെ 73-ാം മിനിറ്റിലെ മെസ്സിയുടെ പെനാല്‍റ്റി ഷൂട്ടിലൂടെ രണ്ടാമത്തെ ഗോളും അര്‍ജെന്റീന സ്വന്തമാക്കി.
2-1ന് മുന്നിട്ടുനിന്ന അര്‍ജന്റീന ഏറെക്കുറെ സെമിയിലേക്ക് കടക്കുമെന്ന് ഉറപ്പായ സമയത്തായിരുന്നു നീലപ്പടയെ ഞെട്ടിച്ചുകൊണ്ട് ഡച്ച്പ്പടയുടെ വണ്ടര്‍ ഗോള്‍ പിറന്നത്. വെഗോസ്റ്റിന്റെ തീപാറും ഗോള്‍ പാഞ്ഞെട്ടിയത് അര്‍ജെന്റീനയുടെ ആരാധകരുടെ നെഞ്ചിലായിരുന്നു. ജയം പ്രതീക്ഷിച്ച കളി അങ്ങനെ ഇഞ്ച്വറി ടൈമും കടന്ന് എക്‌സ്ട്രാ ടൈമില്‍ എത്തിയപ്പോഴും മിന്നും പ്രകടനമായിരുന്നു നെതര്‍ലാന്‍ഡ്‌സിന്റേത്.
അക്ഷരാര്‍ത്ഥത്തില്‍ കാണികളെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രകടനമായിരുന്നു നീലപ്പടയും ഓറഞ്ചുപടയും കാഴ്ച്ചവെച്ചത്. എമിലിയാനോ മാര്‍ട്ടിനസ് എന്ന അര്‍ജന്റീനന്‍ ഗോള്‍ കീപ്പറുടെ മികച്ച പ്രതിരോധമാണ് നെതര്‍ലന്‍ഡ്സിന്റെ ആദ്യ രണ്ട് കിക്കുകളും തടുത്തത്. ഇതു തന്നെയായിരുന്നു കളിയില്‍ നിര്‍ണായകമായ പങ്കുവഹിച്ചതും.
അപരാജിതരായിട്ടാണ് നെതര്‍ലാന്‍ഡ്‌സ് അര്‍ജനെന്റീനയുമായി ഏറ്റുമുട്ടിയത്. ആദ്യം കിതച്ചെങ്കിലും പിന്നീടുള്ള മൂന്ന് മത്സരത്തിലും രാജകീയമായി ജയിച്ചാണ് നീലപ്പടെ ക്വാര്‍ട്ടറില്‍ ഇടം നേടിയത്. പൊരുതിക്കളിച്ച യുഎസ്എയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് നെതര്‍ലന്‍ഡ്‌സ് എത്തിയത്. അര്‍ജന്റീനയാകട്ടെ, കടുത്ത പോരാട്ടം കാഴ്ചവച്ച ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മുന്നേറിയത്.
1994നുശേഷം ഇതാദ്യമായാണ് നെതര്‍ലന്‍ഡ്‌സ് ലോകകപ്പ് ക്വാര്‍ട്ടറില്‍ തോറ്റു പുറത്താകുന്നത്. ലോക കപ്പ് വേദിയില്‍ ആറാം തവണയാണ് നെതര്‍ലാന്‍ഡ്‌സും അര്‍ജെന്റീനയും മുഖാമുഖം പോരടിക്കുന്നത്. ഇതിനു മുന്നേ ബ്രസീല്‍-സ്വീഡന്‍, അര്‍ജെന്റീന-ജര്‍മനി ടീമുകള്‍ മാത്രമാണ് ലോകകപ്പില്‍ കൂടുതല്‍ തവണ നേര്‍ക്കു നേര്‍ മത്സരിച്ചത്. കഴിഞ്ഞ തവണത്തെ ലോകകപ്പ് വേദിയില്‍ ഇരു ടീമുകളും കണ്ടുമുട്ടിയപ്പോള്‍ ഫലം ഗോള്‍ രഹിത സമനിലയായിരുന്നു. അന്നത്തെ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് നീലപ്പട ജയിച്ചത്.
ഡച്ച് പ്രതിരോധ മതിലുകള്‍ കടന്ന് അര്‍ജെന്റീന അങ്ങനെ സ്വപ്‌ന സെമിയിലേക്ക് പ്രവേശിച്ചു. കാനറികളുടെ ചിറകരിഞ്ഞ ക്രൊയേഷ്യയാണ് സെമിയില്‍ അര്‍ജെന്റീനയുടെ എതിരാളികള്‍....
Content Highlights - Qatar World Cup 2022, Netherlands VS Argentina