LogoLoginKerala

സര്‍ക്കാര്‍ ആശുപത്രികളെക്കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിക്കുന്നു; വിമര്‍ശനവുമായി ആരോഗ്യമന്ത്രി

 
Veena George
തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെക്കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി വിമര്‍ശനം അറിയിച്ചത്

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെക്കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചിരിക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ നിന്ന് കാത്ത് ലാബിലേക്കും കാര്‍ഡിയോളജിയിലേക്കും ലിഫ്റ്റ് ഇല്ലായെന്നും, ഒരു ലിഫ്റ്റുകളും പ്രവര്‍ത്തനയോഗ്യമല്ലായെന്നുമുള്ള വ്യാജ വാര്‍ത്തയാണ് പ്രചരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി വിമര്‍ശനം അറിയിച്ചത്.കൂടാതെ ആശുപത്രി അധികൃതര്‍ ആരോഗ്യവകുപ്പിന് അയച്ച വീഡിയോയും കുറിപ്പിനൊപ്പം മന്ത്രി ഫേസ്ബുക്കില്‍ ഇട്ടിട്ടുണ്ട്.

 

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ.............


നിരന്തരം സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ച് തെറ്റായ വാര്‍ത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞു. ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ കുറിച്ചാണ് വാര്‍ത്ത. അത്യാഹിത വിഭാഗത്തില്‍ നിന്ന് കാത്ത് ലാബിലേക്കും കാര്‍ഡിയോളജിയിലേക്കും ലിഫ്റ്റില്ലായെന്നും ഒരു ലിഫ്റ്റും അവിടെ പ്രവര്‍ത്തിക്കുന്നില്ല എന്നുമാണ് ഒരു പ്രമുഖ ചാനല്‍ കൊടുത്തിരിക്കുന്ന വാര്‍ത്ത. എന്താണ് യാഥാര്‍ത്ഥ്യം? ഇന്ന് അല്‍പം മുമ്പ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി അയച്ചു തന്ന വീഡിയോയാണിത്. ഇത് പരിശോധിക്കാം.

അത്യാഹിത വിഭാഗത്തില്‍ 4 ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പല ബ്ലോക്കുകളായി 20 ഓളം ലിഫ്റ്റുകളുണ്ട്. നെഞ്ചുവേദനയുമായെത്തുന്ന രോഗികള്‍ക്ക് ഒട്ടും വൈകാതെ കാത്ത് ലാബ് പ്രൊസീജിയറിന് കൊണ്ട് പോകുന്നതിനും കാര്‍ഡിയോളജിസ്റ്റുകളുടെ സേവനം ഉറപ്പാക്കുന്നതിനുമാണ് ചെസ്റ്റ് പെയിന്‍ ക്ലിനിക്ക് 6 മാസം മുമ്പ് അത്യാഹിത വിഭാഗത്തില്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചത്. അവിടെ നിന്ന് നേരിട്ട് കാത്ത് ലാബിലേക്കും ഐസിയുവിലേക്കും കൊണ്ട് പോകുന്നതിനാണ് ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഈ ലിഫ്റ്റ് കേടല്ല. അഥവാ ലിഫ്റ്റ് കേടായാല്‍ മറ്റൊരു ലിഫ്റ്റ് കൂടി ആ നിലയിലേക്കുണ്ട്. 4 ലിഫ്റ്റുകളാണ് അത്യാഹിത വിഭാഗത്തോടനുബന്ധിച്ചുള്ളത്.