LogoLoginKerala

മൂന്ന് വാഹനങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി ഇടിച്ചു; ആർക്കും പരിക്കില്ല

 
U Turn
പെട്ടന്ന് യു ടേണെടുത്ത് തിരിച്ച കെ.എസ്.ആർ.ടി.സി. ബസിന് പിന്നിൽവന്ന കാർ ഉടൻതന്നെ ബ്രേക്ക് ചെയ്തു. എന്നാൽ, ഇതിന് പിന്നാലെയെത്തിയ രണ്ട് ലോറികൾ അപ്രതീക്ഷിതമായി ബ്രേക്ക് ചെയ്ത കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു

കൊച്ചി ദേശീയപാതയിൽ അരൂർ കെൽട്രോൺ കവലയിൽ ഒരേ ദിശയിൽ നിന്നെത്തിയ മൂന്ന് വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. കെൽട്രോൺ കവലയിൽ യു-ടേൺ എടുത്ത കെ.എസ്.ആർ.ടി.സി. ബസാണ് അപകടത്തിന് വഴിവെച്ചതെന്ന് മറ്റ് ഡ്രെവർമാർ പറഞ്ഞു. ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.


പെട്ടന്ന് യു ടേണെടുത്ത് തിരിച്ച കെ.എസ്.ആർ.ടി.സി. ബസിന് പിന്നിൽവന്ന കാർ ഉടൻതന്നെ ബ്രേക്ക് ചെയ്തു. എന്നാൽ, ഇതിന് പിന്നാലെയെത്തിയ രണ്ട് ലോറികൾ അപ്രതീക്ഷിതമായി ബ്രേക്ക് ചെയ്ത കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു. കൊച്ചി എയർപോർട്ടിൽ ആളെ ഇറക്കിയശേഷം ആലപ്പുഴയ്ക്ക് മടങ്ങുകയായിരുന്നു കാർ എന്ന് ഉടമ അഖിൽ പറഞ്ഞു.

കർണാടകയിലെ കോറമാൻഡലിൽനിന്ന് മാവേലിക്കര സപ്ലൈകോയിലേക്ക് പഞ്ചസാര കയറ്റിക്കൊണ്ടുവന്ന ലോറിയാണ് കാറിന്റെ പിന്നിൽ ഇടിച്ചത്. തൊട്ടുപിന്നാലെ വന്ന മറ്റൊരു ലോറി അപകടത്തിൽപ്പെട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.

കെ.എസ്.ആർ.ടി.സി. ബസാണ് വാഹനങ്ങളുടെ കൂട്ടയിടിക്ക് കാരണമായതെന്ന് ലോറി ഡ്രൈവർ ഷെബീർ പറഞ്ഞു. അരൂർ പോലീസ് എത്തി അനന്തരനടപടികൾ സ്വീകരിച്ചു. ദേശീയപാതയിൽ ആവശ്യമായ സൂചകങ്ങൾ ഇല്ലാത്തതും സിഗ്നലുകളിൽ ടൈമർ ഇല്ലാത്തതും തുടർച്ചായയി അപകടങ്ങൾക്ക് വഴിവെക്കുകയാണ്.