ഖത്തറില്‍ മെസ്സി ഉപയോഗിച്ച റൂം ഇനി മ്യൂസിയം; ഉപയോഗിച്ച എല്ലാ സാധനങ്ങളും സൂക്ഷിക്കും
ദോഹ: മെസിയുടെ മാജിക്കില്‍ അര്‍ജന്റീന ലോകകപ്പ് നേടി ദിവസങ്ങള്‍ പിന്നിട്ടിട്ടും ഖത്തറില്‍ മെസ്സിയുടെ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. ഇപ്പോള്‍ ഖത്തറില്‍ മെസി താമസിച്ചിരുന്ന മുറി മ്യൂസിയം ആക്കി മാറ്റുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഖത്തര്‍ യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലിലാണ് ലോകകപ്പ് സമയത്ത് അര്‍ജന്റീന ടീം താമസിച്ചിരുന്നത്. ഇതാണ് ഇനി മ്യൂസിയമാവുന്നത്.
ലോകകപ്പിനെത്തിയ പല ടീമുകളും താമസത്തിനായി വന്‍കിട ഹോട്ടലുകള്‍ തെരഞ്ഞെടുത്തപ്പോള്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സൗകര്യങ്ങള്‍ മതിയെന്നായിരുന്നു അര്‍ജന്റീന ക്യാമ്പ് അറിയിച്ചത്. കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന അതേ സൗകര്യത്തില്‍ തന്നെയാണ് ഏറെകുറെ അര്‍ജന്റീന ടീം ലോകകപ്പ് സമയത്ത് കഴിഞ്ഞത്. മെസി ഇവിടുത്തെ ബി 201-ാം നമ്പര്‍ മുറിയിലാണ് താമസിച്ചിരുന്നത്. ഏറിയ സമയവും മെസി ഒറ്റയ്ക്കാണ് ഈ മുറിയില്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെ ഈ മുറി ഇനി മറ്റാര്‍ക്കും താമസത്തിന് നല്‍കില്ലെന്ന് ഖത്തര്‍ യൂണിവേഴ്സിറ്റി പബ്ലിക്ക് റിലേഷന്‍സ് ഡയറക്ടര്‍ ഹിത്മി അല്‍ ഹിത്മി അറിയിച്ചു.
മെസി ഉപയോഗിച്ച വസ്തുക്കളെല്ലാം അതേപടി തന്നെ ഇപ്പോള്‍ മുറിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. അര്‍ജന്റീന ടീമിന്റെ താമസത്തിനായി യൂണിവേഴ്സിറ്റി ഈ ഹോസ്റ്റലില്‍ ചെറിയ തോതിലുള്ള മാറ്റങ്ങള്‍ വരുത്തിയിരുന്നു. താരങ്ങളുടെ ചിത്രങ്ങള്‍ പതിപ്പിച്ചും അര്‍ജന്റീന പതാക നാട്ടിയുമൊക്കെയാണ് മുറി സജ്ജീകരിച്ചിരിക്കുന്നത്.അതുകൊണ്ടുതന്നെ ഇത് അതേപടി കാത്ത് സൂക്ഷിക്കാനാണ് ഖത്തറിന്റെ തീരുമാനവും.