മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു; 10 മത്സ്യത്തൊഴിലാളികളെയും രക്ഷിച്ചു
Tue, 24 Jan 2023

കാസര്‍കോട്: അജാനൂര്‍ ചിത്താരിയില്‍ കടലില്‍ മീന്‍പിടിക്കാന്‍ പോയ തോണി മറിഞ്ഞ് അപകടം. അപകടത്തില്‍ പത്ത് പേര്‍ കടലില്‍ വീണെങ്കിലും എല്ലാവരേയും രക്ഷപ്പെടുത്തി. അജാനൂര്‍ കടപ്പുറത്തെ ബിബീഷിന്റെ ഉടമസ്ഥതയിലുള്ള ശിവം എന്ന തോണിയാണ് മത്സ്യബന്ധനത്തിന് പോയപ്പോള്‍ അപകടത്തില്‍പ്പെട്ടത്.
ഇന്ന് പുലര്‍ച്ചെയാണ് മത്സ്യബന്ധനത്തിനായി ഇവിടെ നിന്നും തോണിയില്‍ പത്ത് പേരടങ്ങുന്ന സംഘം പുറപ്പെട്ടത്. രാവിലെ പതിനൊന്നിന് കരയില്‍ നിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന ശ്രീകുറുംബ, വലക്കാര്‍ എന്നീ തോണികളിലെ മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍ പെട്ടവരെ രക്ഷിക്കാനെത്തിയത്. കരയില്‍ എത്തിച്ചവരില്‍ ഏഴു മത്സ്യതൊഴിലാളികളെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.