അക്രമസംഭവങ്ങൾ സർക്കാറിന്റെ തിരക്കഥയെന്ന് ലത്തീൻ അതിരൂപത
വിഴിഞ്ഞം സമരത്തിനിടെ കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങൾ സർക്കാർ ഒരുക്കിയ തിരക്കഥയാണെന്ന് ലത്തീൻ അതിരൂപത. സമാധാനമായി നടന്നുവന്ന സമരത്തെ തകർക്കാൻ സർക്കാർ ആസൂത്രണം ചെയ്ത തിരക്കഥയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കണ്ടത്. സമരക്കാർക്കെതിരെയുണ്ടായ അക്രമം സർക്കാരിന്റെയും അദാനിയുടെയും പിന്തുണയോടെയാണെന്നും അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര പറയുന്നു.
ന്യായമായി സമരം ചെയ്യുന്നവരെ ആക്രമിക്കാൻ ആരാണ് മുൻകൈയെടുത്തത് എന്ന് പരിശോധിച്ചാൽ മതി. നിരന്തര പ്രകോപനമുണ്ടായതോടെ വികാരപരമായി പ്രതികരിക്കുകയാണുണ്ടായത്. സമരത്തെ നിർവീര്യമാക്കാൻ പലഘട്ടത്തിലും ആസൂത്രണം നടന്നു. ഒരു കുറ്റകൃത്യത്തിലും ഉൾപ്പെടാത്തവർക്കുമേൽ വധശ്രമ കുറ്റമടക്കം ചുമത്തി കേസെടുത്തു. അറസ്റ്റിനെ കുറിച്ച് ചോദിച്ചറിയാൻ വന്നവരെ പോലും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും യൂജിൻ പെരേര മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ നടന്ന സംഭവം ദൗർഭാഗ്യകരമാണെന്ന് പറഞ്ഞ അദ്ദേഹം ആ സംഘർഷത്തിനു പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ട് എന്ന് ആവർത്തിച്ചു. പൊലീസ് പലരെയും തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നടന്ന അക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. സർക്കാരിന് ധൈര്യമുണ്ടെങ്കിൽ അന്വേഷണം പ്രഖ്യാപിക്കട്ടെ. അക്രമം അഴിച്ചുവിട്ടവരുടെ ചേതോവികാരം എന്താണെന്ന് കണ്ടുപിടിക്കട്ടെയെന്നും ഫാദർ യൂജിൻ പെരേര ആവശ്യപ്പെട്ടു.