LogoLoginKerala

വിഴിഞ്ഞം സംഘര്‍ഷം സര്‍ക്കാരിന്റെ ആസൂത്രിത നീക്കമെന്ന് ലത്തീന്‍ അതിരൂപത

 
Yujin perera
വിഴിഞ്ഞത്തെ സംഘര്‍ഷം സര്‍ക്കാര്‍ ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് ലത്തീന്‍ അതിരൂപത വികാരി ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു. കേസെടുത്ത് നിശബ്ധരാക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടതില്ലെന്നും ഫാ. യൂജിന്‍ പെരേര ആരോപിച്ചു

വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പേരില്‍ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്‌ക്കെതിരെ പൊലീസ് കേസെടുത്തില്‍ വിമര്‍ശനവുമായി ലത്തീന്‍ സഭ. വിഴിഞ്ഞത്തെ സംഘര്‍ഷം സര്‍ക്കാര്‍ ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് ലത്തീന്‍ അതിരൂപത വികാരി ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു. പൊലീസ് രജിസറ്റര്‍ ചെയ്ത കേസ് നിയമപരമായി നേരിടും. കേസെടുത്ത് നിശബ്ധരാക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടതില്ലെന്നും ഫാ. യൂജിന്‍ പെരേര ആരോപിച്ചു.

കേസെടുത്ത സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടും. ആര്‍ച്ചു ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയും സഹായമെത്രാനും സംഘര്‍ഷ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടുന്ന ഒരു സമീപനം എടുക്കുന്നത് തന്നെ തെറ്റായതാണ്. അവിടെ സമരം നടത്തുന്ന ആളുകളെയൊക്കെ നിര്‍വീര്യമാക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും കുറേക്കാലമായി സര്‍ക്കാര്‍ ആസൂത്രിതമായി ചെയ്തുവരികയാണ്. ഇത് സഭ പുറത്ത് വെളിച്ചത്തു കൊണ്ടു വരുമെന്നും ഫാദര്‍ യൂജിന്‍ പെരേര ചൂണ്ടിക്കാട്ടി.

ഇന്നലെ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ലത്തിന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ഒന്നാം പ്രതി. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് പൊലീസ് എഫ് ഐ ആര്‍ നല്‍കി.പരാതിക്കു പുറമേ പൊലീസ് സ്വമേധയാ കേസ് എടുത്തിരുന്നു. രണ്ട് ലക്ഷത്തിലേറെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസുണ്ട്. നിയമവിരുദ്ധമായി സംഘം ചേരല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങി. വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. അന്‍പതോളം വൈദികരുള്‍പ്പെടെ 95 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വിഴിഞ്ഞം പദ്ധതിയെ എതിര്‍ക്കുന്ന  സമരസമിതിക്കും അനുകൂലിക്കുന്ന ജനകീയ സമിതിക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തങ്ങള്‍ക്ക് ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.