കിളികൊല്ലൂര്‍ കേസ്; ഉദ്യോഗസ്ഥരെ വെള്ളപൂശി കമ്മീഷണറുടെ റിപ്പോര്‍ട്ട്
കൊല്ലം: കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് സൈനികനും സഹോദരനും മര്‍ദനമേറ്റ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍. പൊലീസ് മര്‍ദിച്ചുവെന്ന സൈനികന്റെയും സഹോദരന്റെയും വാദത്തിന് തെളിവില്ലെന്നും അതുകൊണ്ട് തന്നെ മര്‍ദ്ദിച്ചത് ആരാണെന്ന് വ്യക്തമല്ലെന്നും കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയറിപ്പോര്‍ട്ടിലാണ് വിചിത്രമായ കണ്ടെത്തലുകള്‍ ഉള്ളത്.
അതേസമയം, സ്‌റ്റേഷനു പുറത്തു വെച്ചാണ് ഇവര്‍ക്ക് മര്‍ദനമേറ്റതെന്ന പൊലീസുകാരുടെ വാദം റിപ്പോര്‍ട്ടില്‍ തള്ളിയിട്ടുണ്ട്. സ്‌റ്റേഷനു പുറത്തു വെച്ച് മര്‍ദനമേറ്റതിന് തെളിവുകളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടു മാസം മുന്‍പാണ് കരിക്കോട് സ്വദേശികളായ വിഷ്ണുവിനെയും വിഘ്നേഷിനെയും കിളികൊല്ലൂര്‍ സ്റ്റേഷനില്‍ വച്ച് അതിക്രൂരമായി മര്‍ദ്ദിച്ചത്. എംഡിഎംഎ കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാന്‍ സഹോദരങ്ങളെ പൊലീസ് വിളിച്ചു വരുത്തുകയായിരുന്നു. ഇതിനു വിസമ്മതിച്ചതിനെ തുടര്‍ന്ന് വാക്കു തര്‍ക്കമുണ്ടായി. തുടര്‍ന്ന് പൊലീസ് മര്‍ദിച്ചുവെന്നാണ് ആരോപണം. യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ എസ് എച്ച് ഒ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.