LogoLoginKerala

27-ാമത് അന്താരാഷ്ട്ര ചലചിത്ര മേളയ്ക്ക് തലസ്ഥാന നഗരിയില്‍ ഉജ്ജ്വല തുടക്കം

 
IFFK
പതിവില്‍ നിന്ന് വ്യത്യസ്തമായി നിലവിളക്കില്‍ തിരിതെളിയിക്കാതെ ആര്‍ച്ച് ലൈറ്റുകള്‍ കാണികള്‍ക്ക് നേരെ തെളിച്ചുകൊണ്ടായിരുന്നു മേള ഔപചാരികമായി ഉദ്ഘാടനം ചെയ്തത്

തിരുവനന്തപുരം:  27-ാമത് അന്താരഷ്ട്ര ചലചിത്ര മേളയ്ക്ക് തലസ്ഥാന നഗരിയില്‍ തുടക്കം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മന്ത്രിമാരായ ജി ആര്‍ അനില്‍, വി ശിവന്‍കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പതിവില്‍ നിന്ന് വ്യത്യസ്തമായി നിലവിളക്കില്‍ തിരിതെളിയിക്കാതെ ആര്‍ച്ച് ലൈറ്റുകള്‍ കാണികള്‍ക്ക് നേരെ തെളിച്ചുകൊണ്ടായിരുന്നു മേള ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.

ചലചിത്ര മേളയ്ക്ക് ലഭിക്കുന്നത് വമ്പിച്ച സ്വീകാര്യതയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചലചിത്ര മേളകളെ ചിലര്‍ സങ്കുചിത ചിന്തകള്‍ പ്രചരിപ്പിക്കാനുള്ള ആയുധമാക്കി മാറ്റുകയാണെന്ന് ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പറഞ്ഞു. ഭയരഹിതമായി ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് നമുക്ക് വേണ്ടത്. അത് ഉറപ്പാക്കാനുള്ളവേദികളാകണം ചലചിത്ര മേളകളെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ചലചിത്ര മേളയില്‍ ഉദ്ഘാടന ചിത്രമായി 'ടോറി ആന്റ് ലോകിത' പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ടോറി ആന്റ് ലോകിത പ്രദര്‍ശിപ്പിക്കുന്നത്. ആഫ്രിക്കയില്‍ ജനിച്ച് ബെല്‍ജിയം തെരുവകളില്‍ വളരുന്ന അഭയാര്‍ത്ഥികളായ രേു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥയാണ് ടോറി ആന്റി ലോകിത.

അതേസമയം, 70 രാജ്യങ്ങളില്‍ നിന്നായുള്ള 186 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക ഡിസംബര്‍ 9 മുതല്‍ 16 വരെയാണ് ചലചിത്ര മേള നടക്കുക. ലോക സിനിമാ വിഭാഗത്തില്‍ 78 സിനിമകളും രാജ്യാന്തര മത്സര വിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ 12 സിനിമകളുമാണ് പ്രദര്‍ശിപ്പിക്കുന്നത്. 50 വര്‍ഷത്തിലെത്തി നില്‍ക്കുന്ന സ്വയംവരത്തിന്റെ പ്രത്യേക പ്രദര്‍ശനം ഉണ്ടാവും. 20 ലക്ഷം രൂപയാണ് സുവര്‍ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് ലഭിക്കുക. രജത ചകോരം ലഭിക്കുന്ന സംവിധായകന് നാല് ലക്ഷം രൂപയും.അതേസമയം, ഇത്തവണയാണ് ഏറ്റവും കൂടുതല്‍ ഡെലിഗേറ്റ്‌സുകള്‍ മേളയില്‍ പങ്കെടുക്കാനായി തലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്.