LogoLoginKerala

ബിൽക്കിസ് ബാനോ കൂട്ട ബലാത്സംഗ കേസ് ; പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി

 
sd
കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ടാണ് ബില്‍ക്കിസ് ബാനു പുനഃപരിശോധന ഹര്‍ജി നൽകിയിരുന്നത്

ന്യൂഡൽഹി : ബിൽക്കിസ് ബാനോ കൂട്ട ബലാത്സംഗ കേസിൽ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. 2002-ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ടാണ് ബില്‍ക്കിസ് ബാനു പുനഃപരിശോധന ഹര്‍ജി നൽകിയിരുന്നത്. ജസ്റ്റിസ്മാരായ അജയ് രസ്‌തോഗി, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

മോചനം ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപേക്ഷ പരിഗണിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി മെയ് 13 ന് ഉത്തരവിട്ടിരുന്നു. കുറ്റകൃത്യം നടന്ന സംസ്ഥാനത്തിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മോചനം സംബന്ധിച്ച തീരുമാനം എടുക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് തള്ളിയത്.

ഗുജറാത്തിലെ 2002-ലെ ഗോധ്രകൂട്ടക്കൊലയുടെ തുടര്‍ച്ചയായുണ്ടായ കലാപത്തില്‍ അന്ന് ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്ന് വയസ്സുള്ള മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.