LogoLoginKerala

യുറുഗ്വേയെ സമനിലയിൽ പൂട്ടി ദക്ഷിണ കൊറിയ

 
uruguay

ഫിഫ ലോകകപ്പിൽ യുറുഗ്വേയെ സമനിലയിൽ പൂട്ടി ദക്ഷിണ കൊറിയ. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ മികച്ച അവസരങ്ങൾ മുതലെടുക്കാനാവാതെ പോയത് ഇരു ടീമിനും വിനയായി. ഗോൾകീപ്പർമാരും ഡിഫെൻഡർമാരും മികച്ച പ്രകടനം നടത്തിയ മത്സരത്തിൽ മുന്നേറ്റനിര പരാജയപ്പെടുക കൂടി ചെയ്‌തതോടെ ഗോളുകൾ അകന്നു നിന്നു. 

എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇരു ടീമും ആക്രമിച്ച് മുന്നേറിയപ്പോൾ അവസരങ്ങളേറെ പിറന്നു. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ കളി നിയന്ത്രിച്ചത് ദക്ഷിണകൊറിയയാണ്. തുടക്കം പതിയെ ആക്കിയ യുറുഗ്വേ പക്ഷെ പിന്നീട് തുടരെ ആക്രമണങ്ങൾ നടത്തി ദക്ഷിണ കൊറിയയെ വിറപ്പിച്ചു. 43ാം മിനിറ്റിൽ യുറുഗ്വേ ക്യാപ്റ്റൻ ഡീഗോ ഗോഡിൻ ഗോൾ നേടിയെന്ന് തൊന്നിയെങ്കിലും ​മനോഹരമായ ഹെഡർ കൊറിയൻ പോസ്റ്റിൽ തട്ടി മടങ്ങി.

രണ്ടാം പകുതിയിൽ ഇരു ടീമിനും അവസരങ്ങൾ കിട്ടിയെങ്കിലും മുതലെടുക്കാനായില്ല. 52ാം മിനിറ്റിൽ കൊറിയൻ താരത്തെ യുറുഗ്വേ ബോക്സിൽ വീഴ്ത്തിയപ്പോൾ പെനാൽറ്റിക്കായി വാദിച്ചെങ്കിലും വാർ പരിശോധനയിൽ ​​നിഷേധിക്കപ്പെട്ടു. 64-ാം മിനിറ്റില്‍ ലൂയി സുവാരസിന് പകരം സൂപ്പര്‍താരം എഡിന്‍സണ്‍ കവാനി ഗ്രൗണ്ടിലെത്തിയെങ്കിലും കൊറിയൻ നിരയെ വിറപ്പിക്കാൻ താരത്തിനുമായില്ല.


അതേസമയം മത്സരത്തിൽ ഒരൊറ്റ ഷോട്ട് പോലും ഓൺ ടാർഗറ്റിലേക്ക് ഉണ്ടായില്ല. ഇതാദ്യമായാണ് ഈ നൂറ്റാണ്ടിലെ ഒരു ലോകകപ്പ് മത്സരത്തിൽ ഒരു ഷോട്ട് പോലും ഓൺ ടാർഗെറ്റാവാതെ പൂർത്തിയാകുന്നത്. ഈ നാണക്കേടിന്റെ റെക്കോർഡാണ് മത്സരം കഴിഞ്ഞപ്പോൾ യുറുഗ്വേയും കൊറിയയും സ്വന്തമാക്കിയത്.

മത്സരത്തിൽ വിജയം നേടാൻ കഴിയാതിരുന്നതോടെ ഇരു ടീമുകളും ഓരോ പോയിന്റ് നേടി പിരിഞ്ഞു. ഗ്രൂപ്പ് ജി യിൽ പോർച്ചുഗൽ, ഘാന എന്നീ ടീമുകൾക്കെതിരായ മത്സരമാണ് ഇനി ഇരു ടീമുകൾക്കും ബാക്കിയുള്ളത്.