‘മനുഷ്യനേ തെറ്റ് പറ്റുകയുള്ളൂ, മനുഷ്യനേ അത് തിരുത്താനും ആകുകയുള്ളൂ’; മമ്മൂട്ടിയെ അഭിനന്ദിച്ച് വി ശിവൻകുട്ടി
കൊച്ചി : സംവിധായകൻ ജൂഡ് ആന്റണിയ്‌ക്കെതിരെ നടത്തിയ ബോഡി ഷെയ്മിംഗ് പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച നടൻ മമ്മൂട്ടിയെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. നടൻ്റെ മാതൃകയെ അഭിനന്ദിക്കുന്നു, ബോഡി ഷെയ്മിംഗ് സംസ്കാരത്തെ തുടച്ചു നീക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 2018 എന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിനിടെയാണ് സംവിധായകൻ ജൂഡ് ആന്റണിയെക്കുറിച്ച് നടൻ മമ്മൂട്ടി വിവാദ പരാമർശം നടത്തിയത്. ‘ജൂഡ് ആന്റണിയുടെ തലയിൽ കുറച്ചു മുടി കുറവാണന്നേയുള്ളൂ, ബുദ്ധിയുണ്ട്’ എന്നുമാണ് മമ്മൂട്ടി പറഞ്ഞത്.
‘ഈ മാതൃകയെ അഭിനന്ദിക്കുന്നു.. മനുഷ്യനേ തെറ്റ് പറ്റുകയുള്ളൂ, മനുഷ്യനേ അത് തിരുത്താനും ആകുകയുള്ളൂ.. "ബോഡി ഷെയ്മിംഗ്" സംസ്കാരത്തെ നമ്മൾ തുടച്ചു നീക്കുക തന്നെ വേണം...’-മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മമ്മൂട്ടി പരാമർശം ബോഡി ഷെയ്മിംഗിൻ്റെ പരിധിയിൽ വരുന്നതാണെന്നു പലരും ആരോപിച്ചിരുന്നു. ജൂഡിനെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കാൻ മേലിൽ ശ്രദ്ധിക്കുമെന്ന ഉറപ്പുനൽകുന്നുവെന്നുമാണു മമ്മൂട്ടി ഫെയ്സ് ബുക്കിൽ കുറിച്ചത്.