LogoLoginKerala

ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

 
Sabarimala
പത്തനംതിട്ട: ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലമേറ്റെടുക്കും. 3500 മീറ്റര്‍ നീളമുള്ള റൺവെ അടക്കം മാസ്റ്റര്‍ പ്ലാൻ അംഗീകരിച്ചിട്ടുണ്ട്.
കേരളത്തിന്റെ വലിയ വികസന സ്വപ്നമാണ് ഈ പദ്ധതി. പല കാലത്ത് പല പ്രതിസന്ധികളിൽ തട്ടി വൈകിയ പദ്ധതിയാണിത്. തുടർ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. കേന്ദ്രസർക്കാരിന്റെയും വ്യോമയാന മന്ത്രാലത്തിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഉടമസ്ഥതയിലാണെന്ന വാദവുമായി പദ്ദതിയുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണ്.
കഴിഞ്ഞ സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ വിമാനത്താവളം പദ്ധതിക്കായി നീക്കിവെച്ചിരുന്നു. പദ്ധതിക്ക് കേന്ദ്ര പാർലമെന്ററി സമിതിയുടെ അടക്കം അംഗീകാരം ലഭിച്ചിരുന്നു. ശബരിമല തീർഥാടക ടൂറിസത്തിന് വൻ വളർച്ച നൽകുന്നതാണ് പദ്ധതിയെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. കൊച്ചി, തിരുവനന്തപുരം ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്
അമേരിക്കയിലെ ലൂയിസ് ബർജറാണ് വിമാനത്താവള പദ്ധതിയുടെ കൺസൾട്ടന്റ്. കെഎസ്ഐഡിസിയാണ് ഇവർക്ക് ചുമതല നൽകിയത്. സാങ്കേതിക - സാമ്പത്തിക ആഘാത പഠനം നടത്താൻ ഓഗസ്റ്റ് വരെയാണ് കമ്പനിക്ക് സമയം നൽകിയിരിക്കുന്നത്.
മണിമല വില്ലേജിലാണ് ഏറ്റവും കൂടുതൽ സ്ഥലം ഏറ്റെടുക്കുക. പാരിസ്ഥിതിക ലോല മേഖലയാണിത്. 2263 ഏക്കർ സ്ഥലം ഏറ്റെടുക്കാനായിരുന്നു നേരത്തെ ഡിപിആർ പദ്ധതി തയ്യാറാക്കിയത്.