LogoLoginKerala

ചെറുപുഴയുടെ ഉടമസ്ഥാവകാശം തേടി റവന്യൂ വകുപ്പ്

 
Cut Out
ചാത്തമംഗലം പഞ്ചായത്ത് തങ്ങളുടേതെന്നും കൊടുവള്ളി നഗരസഭ അവരുടെ സ്വന്തം എന്നും കരുതിയിരുന്ന ചെറുപുഴയുടെ ഉടമസ്ഥാവകാശമാണ് ഇപ്പോള്‍ ചോദ്യത്തിലായിരിക്കുന്നത്

പുഴയുടെ നടുവിലെ കട്ടൗട്ട് കൊണ്ട് വൈറലായ പുള്ളാവൂര്‍ ചെറുപുഴയുടെ ഉടമസ്ഥാവകാശം കണ്ടെത്താന്‍ റവന്യൂ വകുപ്പിന്റെ സഹായം തേടി കൊടുവള്ളി നഗരസഭ. ഉടമസ്ഥാവകാശം സംബന്ധിച്ച് ആശയക്കുഴപ്പം  നിലനില്‍ക്കുന്നതിനാല്‍ ലോകകപ്പ് കഴിയുംവരെ കട്ടൗട്ടുകള്‍ മാറ്റേണ്ടി വരില്ല എന്ന പ്രതീക്ഷയിലാണ് പുള്ളാവൂരിലെ കാല്‍പന്തുകളി പ്രേമികള്‍.


ചാത്തമംഗലം പഞ്ചായത്ത് തങ്ങളുടേതെന്നും കൊടുവള്ളി നഗരസഭ അവരുടെ സ്വന്തം എന്നും കരുതിയിരുന്ന ചെറുപുഴയുടെ ഉടമസ്ഥാവകാശമാണ് ഇപ്പോള്‍ ചോദ്യത്തിലായിരിക്കുന്നത്. പുഴയില്‍ ഉയര്‍ത്തിയ കട്ടൗട്ടുകള്‍ക്കെതിരെ പരാതി ഉയര്‍ന്നതോടുകൂടിയാണ് ഇത്രയും കാലം ഉണ്ടാവാതിരുന്ന ആശയക്കുഴപ്പം ഉടലെടുത്തത്.

തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെന്നും എന്‍ഐടിയുടെ കുടിവെള്ള പദ്ധതിക്കായി വിട്ടു നല്‍കിയ ഭാഗമാണെന്നും സ്ഥലം എംഎല്‍എ പ്രഖ്യാപിച്ചതോടെ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥരും വെട്ടിലായിരിക്കുകയാണ്. സാധ്യമായ കേന്ദ്രങ്ങളിലെല്ലാം പരാതിക്കാരന്‍ പരാതി നല്‍കി. ഈ ആശയക്കുഴപ്പം ചൂണ്ടിക്കാട്ടി പരാതിക്കാരന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മറുപടിയും നല്‍കി. ഒടുവില്‍ കളക്ടര്‍ക്ക് ലഭിച്ച പരാതി കൊടുവള്ളി നഗരസഭാ സെക്രട്ടറിക്ക് കൈമാറി.

ഇതോടെയാണ് പുഴ ആരുടേത് എന്ന് കണ്ടെത്താന്‍ താലൂക്ക് സര്‍വേയിലൂടെ സഹായം തേടിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്കും ലോകകപ്പ് കഴിയുമെന്ന പ്രതീക്ഷയിലാണ് പുള്ളവൂരിലെ കാല്‍പ്പന്തു കളി പ്രേമികള്‍. പുള്ളാവൂരിന്റെ ഫുട്‌ബോള്‍ ആവേശം കാണാന്‍ ദിവസവും നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത്.