LogoLoginKerala

പെരിയ ഇരട്ടക്കൊലക്കേസ് : പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് സി.കെ ശ്രീധരൻ ; കൂടെ നിന്ന് ചതിക്കുകയായിരുന്നുവെന്ന് ശരത്‌ലാലിന്റെ അച്ഛന്‍

 
ck
'കാശിന് വേണ്ടി എന്തും ചെയ്യുന്ന വക്കീലാണിത്' - ശരത്‌ലാലിന്റെ അച്ഛന്‍

കാസർഗോഡ് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് മുന്‍ കോണ്‍ഗ്രസ് നേതാവ് സി. കെ ശ്രീധരന്‍. കേസില്‍ സിബിഐ കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ശ്രീധരന്‍ വക്കാലത്ത് ഏറ്റെടുത്തത്. ഒന്നാം പ്രതി പീതാംബരന്‍ ഉള്‍പ്പെടെയുള്ള ഒൻപത് പ്രതികള്‍ക്കായാണ് ശ്രീധരന്‍ ഹാജരാകുന്നത്. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം ഫെബ്രുവരി രണ്ടിന് സിബിഐ പ്രത്യേക കോടതിയില്‍ തുടങ്ങും. ഇതിന് മുന്നോടിയായാണ് കെപിസിസി മുന്‍ വൈസ് പ്രസിഡണ്ടും മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകനുമായ സി.കെ ശ്രീധരന്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തത്. 

ഈ അടുത്ത് സി.കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനടക്കം 24 പേര്‍ പ്രതികളാണ് കേസിലുള്ളത്. വിസ്താരത്തിന് ഹാജരാകേണ്ട സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറി. 54 സാക്ഷികളുടെ വിസ്താരത്തിനുള്ള തീയതികളും പേരും അടങ്ങുന്ന പട്ടികയാണ് കോടതിക്ക് നല്‍കിയത്. ഇവര്‍ക്ക് ഉടന്‍ സമന്‍സ് അയക്കും. പ്രതിഭാഗം സാക്ഷികളുടെ പട്ടിക ഇതുവരെ നല്‍കിയിട്ടില്ല.

2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയയില്‍ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. സിപിഎം പ്രാദേശിക നേതാവ് പീതാംബരന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ രാഷ്ട്രീയ വൈരാഗ്യത്തെത്തുടര്‍ന്ന് കൊല നടത്തിയെന്നാണ് സിബിഐ കേസ്. ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് സിബിഐ തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. 

അതേസമയം ശ്രീധരന്‍ കൂടെ നിന്ന് ചതിക്കുകയായിരുന്നുവെന്നും അതില്‍ അതിയായ വേദനയുണ്ടെന്നും കൊല്ലപ്പെട്ട ശരത്‌ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍ പറഞ്ഞു.ഞങ്ങളുടെ കൂടെ കൂടി, കുട്ടികളുടെ ചടങ്ങിലെല്ലാം പങ്കെടുത്ത്, ഞങ്ങളെ ആശ്വസിപ്പിച്ച് വ്യക്തി ഇപ്പോള്‍ കാണിക്കുന്നത് വലിയ ക്രൂരതയാണ്. സത്യനാരായണന്‍ പറഞ്ഞു.

'അദ്ദേഹത്തിന് ഗൂഢാലോചനയില്‍ പങ്കുണ്ടോ എന്ന് പോലും ഇപ്പോള്‍ സംശയമുണ്ട്. ഞങ്ങളുടെ ഭാഗത്ത് നിന്ന് കേസിന്റെ ഫയലുകളൊക്കെ പഠിച്ച് വിചാരണ തുടങ്ങാന്‍ സമയം പാര്‍ട്ടി മാറി പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കണമെങ്കില്‍ എന്തൊരു മനുഷ്യനാണ് ഇയാള്‍! കാശിന് വേണ്ടി എന്തും ചെയ്യുന്ന വക്കീലാണിത്. ' അദ്ദേഹം ആരോപിച്ചു.