LogoLoginKerala

പിഎഫ്‌ഐയെ വിടാതെ കോടതി, ഇനി കടുത്ത നടപടികള്‍

 
COURT

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് കോടതി. സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് കോടതി അന്ത്യശാസനം നല്‍കി. ഇതോടെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കേസുകളില്‍ ഇതുവരെ നടപടി സ്വീകരിക്കാതെ മൗനം പാലിച്ചിരുന്ന സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടപടികളുമായി രംഗത്തുവന്നു. ഹൈക്കോടതിയില്‍ നിന്നും അന്ത്യശാസനം നേരിട്ടതോടെയാണ് സര്‍ക്കാര്‍ അടിയന്തര നടപടികളിലേക്ക് കടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്ത് വകകള്‍ റവന്യൂ റിക്കവറി നടത്താനാണ് ഉത്തരവിറക്കിയത്.

ലാന്‍ഡ് റവന്യൂ കമ്മീഷണറാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ആഭ്യന്തര വകുപ്പില്‍ നിന്ന് പേരുവിവരങ്ങള്‍ ലഭിച്ചാലുടന്‍ ജപ്തി നടത്തുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. നാളെ വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി ജപ്തി നടപടികള്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് ഉത്തരവിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്. പിടിച്ചെടുത്ത സ്വത്തുക്കള്‍ ലേലം ചെയ്യാനാണ് തീരുമാനം.

ജപ്തി നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിലെ സമയക്രമം പാലിക്കുന്നതില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കിയത്. റവന്യൂ റിക്കവറിക്ക് മുന്‍പായി നല്‍കേണ്ട നോട്ടീസ് നിലവിലെ സാഹചര്യത്തില്‍ നല്‍കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് 23-ാം തിയതിക്കകം നല്‍കണമെന്നാണ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നത്. ജപ്തിക്കായി നോട്ടീസ് നല്‍കേണ്ടതില്ലെന്നും കോടതി അറിയിച്ചിരുന്നു. നടപടികള്‍ വൈകുന്നതില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് 2022 സെപ്റ്റംബര്‍ 23ന് നടത്തിയ മിന്നല്‍ ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങളില്‍ അഞ്ച് കോടിയിലേറെ നഷ്ടം സംഭവിച്ചിരുന്നു. നഷ്ടം ഈടാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതിന്റെ ഭാഗമാി പോപ്പുലര്‍ ഫ്രണ്ടിന്റെ 3785 പ്രവര്‍ത്തകരുടെ സ്വത്തുവിവരം ശേഖരിക്കുന്ന നടപടി തുടങ്ങി. സബ് രജിസ്ട്രാര്‍ ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവ വഴിയാണ് സ്വത്ത് വിവരം ശേഖരിക്കുകയും ചെയ്തു. അക്രമക്കേസില്‍ പ്രതികളായ 3785 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പട്ടിക സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫിസുകളിലും എത്തിച്ചിട്ടുണ്ട്.

സ്വത്ത് വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രതികളുടെ സ്വത്തുവിവരം ജില്ലാ രജിസ്ട്രാര്‍ക്കു കൈമാറാന്‍ നേരത്തെ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലാ രജിസ്റ്റ്രാര്‍ ഇതു രജിസ്ട്രേഷന്‍ ഐജിക്കു കൈമാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ താലൂക്ക് പരിധിയിലെയും പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളിലെ പ്രതികളുടെ പട്ടിക തഹസില്‍ദാര്‍മാര്‍ക്കും കൈമാറിയിട്ടുണ്ട്. വില്ലേജ് ഓഫിസര്‍മാരോട് അന്വേഷണം നടത്തി പ്രതികളുടെ സ്വത്തുവിവരം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. സ്വത്തുവിവരം ലഭിച്ച ശേഷം റവന്യു റിക്കവറി നടപടികള്‍ ആരംഭിക്കും.