LogoLoginKerala

പി എന്‍ ബി തട്ടിപ്പ്; റിജിലിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളി

 
PANJAB

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിചേര്‍ത്ത എം.പി റിജിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. റിജില്‍ അവസാനം ജോലി ചെയ്ത പി.എന്‍.ബി എരഞ്ഞിപ്പാലം ശാഖയിലെത്തി  അന്വേഷണ സംഘം കഴിഞ്ഞ ദിവസം പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്ക് ലിങ്ക് റോഡ് ശാഖയില്‍നിന്ന് കോഴിക്കോട് കോര്‍പ്പറേഷന്റെ പണം തട്ടിയത് താന്‍ മാനേജരായിരിക്കെയല്ലെന്ന വാദമാണ് റിജില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉയര്‍ത്തിയത്. എന്നാല്‍ ലിങ്ക് റോഡ് മാനേജരായിരിക്കെ തുടങ്ങിയ തട്ടിപ്പ് സ്ഥലംമാറ്റം ലഭിച്ച് എരഞ്ഞിപ്പാലം ശാഖാ മാനേജരായശേഷവും നടത്തിയിരുന്നതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ബാങ്കിലെ ചില ഉദ്യോഗസ്ഥരും കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും ഒത്തുകളിച്ചാണ് പണം തിരിമറി നടത്തിയതെന്നും റിജില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

കോഴിക്കോട് ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയ സാഹചര്യത്തില്‍  റിജില്‍ കീഴടങ്ങുമെന്നാണ് സൂചന.
റിജില്‍ ഒറ്റക്കാണ് തിരിമറി നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ . മൊത്തം 21.6 കോടി രൂപയുടെ തിരിമറിയാണ് നടന്നത്. 12.68 കോടി രൂപയാണ് കോര്‍പറേഷനും ഒമ്പത് സ്വകാര്യ വ്യക്തികള്‍ക്കുമായി നഷ്ടമായത്. കോര്‍പറേഷന് 2.53 കോടി രൂപ ബാങ്ക് തിരികെ നല്‍കി. ബാക്കി തുക ഉടന്‍ മടക്കി നല്‍കുമെന്നാണ് ബാങ്ക് അധികൃതര്‍ കോര്‍പറേഷനെ അറിയിച്ചിട്ടുള്ളത്.