വിഴിഞ്ഞം സംഘര്‍ഷം; ഇന്ന് സമാധാന ചര്‍ച്ച
വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണ വിഷയത്തില്‍ സമാധാന ചര്‍ച്ച തിങ്കളാഴ്ചയും തുടരും. ഉച്ചയ്ക്കു ശേഷം കലക്ടറുടെ ചേംബറിലാണ് ചര്‍ച്ച നടക്കുക. വന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഞായറാഴ്ച രണ്ടു ഘട്ടങ്ങളിലായി ചര്‍ച്ച നടന്നിരുന്നു. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍കുമാര്‍ എന്നിവരാണ് സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച്. പെരേരയുമായി കോര്‍പ്പറേഷന്റെ വിഴിഞ്ഞം മേഖല ഓഫിസില്‍ ഞായറാഴ്ച രാത്രി ചര്‍ച്ച നടത്തിയത്. തിങ്കളാഴ്ച രാവിലെ സര്‍വകക്ഷിയോഗം ചേരുമെന്ന് കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. നിലവില്‍ 144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
ഇപ്പോഴത്തെ പ്രശ്നം അവസാനിച്ചെന്നും, വിഴിഞ്ഞത്ത് തടിച്ചു കൂടിയിരിക്കുന്നവര്‍ പിരിഞ്ഞു പോകുമെന്നും സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകളെക്കുറിച്ച് തുടര്‍ ചര്‍ച്ചകള്‍ നടത്താമെന്നും ബന്ധപ്പെട്ടവരുമായി സംസാരിച്ചിട്ടുണ്ടെന്ന് മോണ്‍. യൂജിന്‍ എച്ച്. പെരേര അറിയിച്ചു. ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനമായില്ല. ചര്‍ച്ച തുടരും. സമിതി പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകളുടെ കാര്യത്തില്‍ തീരുമാനമായില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കണമെന്നും പ്രകോപനത്തിന്റെ ആദ്യഘട്ടം അന്വേഷിക്കണമെന്നും പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ ആവശ്യപ്പെടുമെന്നു യൂജിന്‍ എച്ച്. പെരേര പറഞ്ഞു.