LogoLoginKerala

യുദ്ധക്കളമായി വിഴിഞ്ഞം; പൊലീസ് സ്റ്റേഷന്‍ വളഞ്ഞ് സമരക്കാര്‍

 
Vizhinjam

അനുനയ ചര്‍ച്ചയ്ക്കായി വൈദികരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിട്ടുണ്ട്. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്

 വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം വീണ്ടും സംഘര്‍ഷത്തിലേക്ക്. കഴിഞ്ഞ ദിവസത്തെ സംഘര്‍ത്തില്‍ കസറ്റഡിയിലെടുത്ത അഞ്ച് പേരെ വിട്ടയക്കണമെന്ന ആവശ്യം ഉന്നയിച്ച് സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞു. വൈദികരടക്കമുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്തവര്‍ നിരപരാധികളാണെന്നും അവരെ വിട്ടയക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

സമരക്കാര്‍ രണ്ട് പൊലീസ് ജീപ്പുകള്‍ മറിച്ചിട്ടു. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ അടക്കമുള്ളവര്‍ക്ക് പരിക്കു പറ്റിയിറ്റുണ്ട്. ഫ്‌ളക്‌സ് ബോര്‍ഡിന്റെ പട്ടിക കൊണ്ടാണ് രണ്ട് പൊലീസുകാരെ മര്‍ദിച്ചത്. ഒരു പൊലീസുകാരന്റെ നില ഗുരുതരമെന്നാണ് പുറത്തു വരുന്ന വിവരം. ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റിട്ടുണ്ട്.

പ്രദേശത്ത് തിരുവന്തപുരം ഡിസിപിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്. സ്റ്റേഷന്‍ പരിസരത്ത് 200ലധികം പൊലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. ഇന്നലെയും വിഴിഞ്ഞത്ത് സമാന രീതിയിലുള്ള സംഘര്‍ഷം ഉടലെടുത്തിരുന്നു. സമരത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കകുന്നലരും ഇന്നലെ ഏറ്റുമുട്ടിയതോടെ വിഴിഞ്ഞം യുദ്ധക്കളമായി മാറിയിരുന്നു.

അതേസമയം, അനുനയ ചര്‍ച്ചയ്ക്കായി വൈദികരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിട്ടുണ്ട്. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.