LogoLoginKerala

കറുത്ത കുതിരകളായി മൊറോക്കോ; പോർച്ചുഗലിനെയും വീഴ്ത്തി സെമിയിൽ

 
morocco
ആദ്യപകുതിയുടെ 42-ാം മിനുറ്റില്‍ നെസീരി നേടിയ ഏക ഗോളിലാണ് മൊറോക്കോയുടെ വിജയം

ത്തര്‍ ലോകകപ്പിലെ കറുത്ത കുതിരകളായി മൊറോക്കോയുടെ കുതിപ്പ്. പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനെ വീഴ്ത്തി ക്വാർട്ടറിൽ കടന്ന മൊറോക്കോ പറങ്കിപ്പടയെയും കെട്ടുകെട്ടിച്ച് രാജകീയമായി സെമിയിലേക്ക്. ഇതോടെ ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി മൊറോക്കോ മാറി. ആദ്യപകുതിയുടെ 42-ാം മിനുറ്റില്‍ നെസീരി നേടിയ ഏക ഗോളിലാണ് മൊറോക്കോയുടെ വിജയം. യഹിയയുടെ ക്രോസില്‍ ഉയര്‍ന്നുചാടി തലവെച്ച് നെസീരി പന്ത് വലയിലേക്ക് കുത്തിയിടുകയായിരുന്നു. മൊറോക്കോ ഗോൾവല കാത്ത് മികച്ച സേവുകൾ നടത്തിയ ബോനോ ആണ് കളിയിലെ താരം.


കിക്കോഫായി അഞ്ചാം മിനുറ്റില്‍ മത്സരത്തിലെ ആദ്യ ഫ്രീകിക്കില്‍ ഫെലിക്സിന്റെ ഹെഡര്‍ ബോനോ തട്ടിത്തെറിപ്പിച്ചു. 26-ാം മിനുറ്റില്‍ സിയെച്ചിന്റെ ഹെഡര്‍ തലനാരിഴയ്ക്കാണ് ഗോളാകാതെ പോയത്. 30-ാം മിനുറ്റില്‍ ഫെലിക്സിന്റെ ഉഗ്രന്‍ ഷോട്ട് പ്രതിരോധ നിരയുടെ കാലിൽ തട്ടി പുറത്തേക്കും പോയി. 42-ാം മിനുറ്റില്‍ നെസീരിയുടെ ഗോളിന് പിന്നാലെ ബ്രൂണോയുടെ കിടിലൻ ഷോട്ട് ബാറില്‍ തട്ടി തെറിച്ചതോടെ മൊറോക്കോയ്ക്ക് 1-0 ലീഡോടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു.


ബെഞ്ചിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ രണ്ടാംപകുതിയില്‍ ഇറക്കിയിട്ടും മടക്ക ഗോള്‍ നേടാന്‍ പോര്‍ച്ചുഗലിനായില്ല. കഴിഞ്ഞ കളിയിൽ ഹാട്രിക് നേടിയ ഗോണ്‍സാലോ റാമോസ് ആദ്യ പകുതിയിൽ തിളങ്ങാതെ വന്നതോടെയാണ് സാന്റോസ് ക്രിസ്റ്റ്യാനോയെ ഇറക്കിയത്. രണ്ടാംപകുതിയില്‍ ഇരു ടീമുകളും കൂടുതല്‍ ആക്രമിച്ച് കളിച്ചു. 51-ാം മിനുറ്റില്‍ നെവസിനെ വലിച്ച് റൊണാള്‍ഡോയെ ഇറക്കി. 64-ാം മിനുറ്റില്‍ ബ്രൂണോ സമനിലക്കായുള്ള സുവര്‍ണാവസരം തുലച്ചു. 82-ാം മിനുറ്റില്‍ റോണോയുടെ പാസില്‍ ഫെലിക്സിന്റെ മഴവില്‍ ഷോട്ട് ബോനോ പറന്ന് തട്ടിത്തെറിപ്പിച്ചു. എട്ട് മിനുറ്റ് ഇഞ്ചുറിടൈമിന്റെ തുടക്കത്തില്‍ റൊണാള്‍ഡോയുടെ ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് ബോനോ തടഞ്ഞതും പോര്‍ച്ചുഗലിന്  വിനയായി. അവസാന നിമിഷങ്ങളിൽ മൊറോക്കോയുടെ ചെദീരയ്ക്ക് ചുവക്ക് കാര്‍ഡ് കണ്ട് പുറത്തു പോവേണ്ടി വന്നതോടെ മൊറോക്കോ പ്രതിരോധത്തിൽ മതിൽ കെട്ടി പോർച്ചുഗലിന്റെ വീഴ്ത്തുകയായിരുന്നു.