ഹിമാചൽ പ്രദേശിലെ കോൺഗ്രസ് എം എൽ എമാരുടെ യോഗം ഇന്ന്
നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ചവിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ആരെന്ന തിരക്കിട്ട ചർച്ചകളാണ് ഹിമാചൽ പ്രദേശിൽ നടക്കുന്നത്. മുഖ്യമന്ത്രിയെ നിർണയിക്കാൻ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇന്ന് സിംലയില്‍ യോഗം ചേരും. സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനമായ രാജീവ് ഭവനില്‍ വൈകുന്നേരം മൂന്നുമണിക്കാണ് കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷിയോഗം.
ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസിന്റെ ചുമതലയുള്ള രാജീവ് ശുക്ല, നിരീക്ഷകരായ ഭൂപേഷ് ബാഘേല്‍, ഭൂപേന്ദ്ര ഹൂഡ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം യോഗത്തില്‍ പാസാക്കിയേക്കും. തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ല.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാ സിങ്, മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഖ്‌വിന്ദര്‍ സുഖു, മുന്‍ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി തുടങ്ങിയവരാണ് മുഖ്യമന്ത്രിക്കസേരയിലേക്ക് കണ്ണുനട്ടിരിക്കുന്നവര്‍.
68 അംഗ ഹിമാചല്‍ നിയമസഭയില്‍ 40 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് വിജയം നേടിയത്. 25 ഇടത്ത് ബി.ജെ.പിയും മൂന്നിടത്ത് സ്വതന്ത്രരും വിജയിച്ചു. ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല.