LogoLoginKerala

മണ്ഡലകാലം; ശബരിമല നട ഇന്ന് തുറക്കും

 
Sabarimala
ഈ മാസം 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡല കാലം. 27ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജ നടക്കും. മകരവിളക്ക് തീര്‍ഥാടനത്തിനായി ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും

സ്വാമി ഭക്തരുടെ ശരണംവിളികളിലേക്ക് ഉണരുകയാണ് ശബരിമല. മണ്ഡലകാല തീര്‍ഥാടനത്തിനായി ഇന്ന് വൈകിട്ട് 5ന് നട തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ ഇപ്പോഴത്തെ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരിയാണ് നട തുറക്കുക. അതിനുശേഷം പതിനെട്ടാം പടി കയറി ദര്‍ശനം നടത്താന്‍ തീര്‍ഥാടകരെ അനുവദിക്കും.

കണ്ണൂര്‍ മലപ്പട്ടം കിഴുത്രില്‍ ഇല്ലത്ത് കെ.ജയരാമന്‍ നമ്പൂതിരിയെ ശബരിമലയിലും വൈക്കം ഇണ്ടംതുരുത്തി മന ഹരിഹരന്‍ നമ്പൂതിരിയെ മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരായി അവരോധിക്കുന്ന ചടങ്ങുകള്‍ പിന്നീട് നടക്കും. തന്ത്രി കണ്ഠര് രാജീവര് കലശം പൂജിച്ച് അഭിഷേകം ചെയ്താണ് മേല്‍ശാന്തിമാരായി അവരോധിക്കുക. നിയുക്ത ശബരിമല മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം, അതിനു ശേഷം പന്തളം കൊട്ടാരം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി ഇന്ന് ഉച്ചയോടെ പമ്പയില്‍ എത്തും.

Sabarimala

വൈകിട്ട് 4ന് മുന്‍പ് സന്നിധാനത്ത് എത്തുന്ന വിധത്തിലാണ് മല കയറുക. നിയുക്ത മാളികപ്പുറം മേല്‍ശാന്തി വൈക്കം ഇണ്ടംതുരുത്തി മന ഹരിഹരന്‍ നമ്പൂതിരി പുറപ്പെടാശാന്തിയായി ചുമതലയേല്‍ക്കാന്‍ ഭക്തിയുടെ ഇരുമുടിക്കെട്ടുമായി ഇന്ന് ഉച്ചയോടെ പമ്പയില്‍ എത്തും. ഈ മാസം 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡല കാലം. 27ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജ നടക്കും. മകരവിളക്ക് തീര്‍ഥാടനത്തിനായി ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. ജനുവരി 14ന് ആണ് മകരവിളക്ക്. തീര്‍ഥാടനം പൂര്‍ത്തിയാക്കി ജനുവരി 20ന് നട അടയ്ക്കും.

Content Highlights -  Sabarimala, Mandalakala Pilgrims