LogoLoginKerala

സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു

 
satheesh babu
ഇന്ന് ഉച്ചയായിട്ടും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി ഫ്‌ളാറ്റ് തുറന്നപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല

ചെറുകഥാകൃത്തും സാംസ്കാരിക പ്രവർത്തകനും തിരക്കഥാകൃത്തുമായ സതീഷ് ബാബു പയ്യന്നൂർ(59) അന്തരിച്ചു. വഞ്ചിയൂരിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നോവലിസ്റ്റ്, മാധ്യമപ്രവർത്തകൻ തുടങ്ങിയ നിലകളിലും സതീഷ് ബാബു പയ്യന്നൂർ ശ്രദ്ധേയനാണ്.

പാലക്കാട്‌ ജില്ലയിലെ പത്തിരിപ്പാലയിൽ 1963 ൽ ആണ് സതീഷ് ബാബു ജനിക്കുന്നത്. കാഞ്ഞങ്ങാടു് നെഹ്‍റു കോളേജിലും പയ്യന്നൂർ കോളജിലുമായിരുന്നു പഠനം. വിദ്യാഭ്യാസ കാലത്തു തന്നെ കഥ, കവിത, പ്രബന്ധ രചന എന്നിവയിൽ പ്രാഗത്ഭ്യം തെളിയിച്ചു. കോളജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ ക്യാമ്പസ് പത്രമായ 'ക്യാമ്പസ് ടൈംസി'ന് നേതൃത്വം നൽകി പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസത്തിനുശേഷം സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായി. കാസർകോട്‌ 'ഈയാഴ്‌ച' വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു. പേരമരം, ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്‍റെ നാളുകൾ, കുടമണികൾ കിലുങ്ങിയ രാവിൽ തുടങ്ങി ഒട്ടേറെ നോവലുകളും പ്രസിദ്ധീകരിച്ചു. പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കാരൂർ പുരസ്കാരം, മലയാറ്റൂർ അവാർഡ്, തോപ്പിൽ രവി അവാർഡ് എന്നീ അവാർ‍‍ഡുകൾക്കും അർഹനായി.

കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിട്ടുള്ള സതീഷ്ബാബു, ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്‌തിട്ടുണ്ട്. കേരള സാംസ്കാരിക വകുപ്പിന്‍റെ കീഴിലുള്ള ഭാരത് ഭവന്‍റെ മെമ്പർ സെക്രട്ടറിയായി അഞ്ച് വർഷം സേവനമനുഷ്ഠിച്ചു. 1992 ൽ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ഇദ്ദേഹം ഓ ഫാബി എന്ന സിനിമയുടെ രചനയിലും പങ്കാളിയായിരുന്നു