LogoLoginKerala

മേയർ ഉൾപ്പെട്ട കത്ത് വിവാദം; അന്വേഷണം വാട്സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച്

 
Letter Controversy
സി.പി.എമ്മുമായി ബന്ധപ്പെട്ട മെഡിക്കല്‍ കോളേജ് ഭാഗത്തെ ഒരുഗ്രൂപ്പിലാണ് കത്തിന്റെ പകര്‍പ്പ് ആദ്യമെത്തിയത്. വിവാദമായതോടെ  അത് പിന്‍വലിച്ചു എന്നാണ് അന്വേഷണ സംഘം പറയുന്നത്

തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രൻ ഉൾപ്പെട്ട കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണംതുടങ്ങി. കത്ത് പുറത്തായ വാട്സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചായിരിക്കും പ്രാഥമിക അന്വേഷണം നടക്കുക. സി.പി.എമ്മുമായി ബന്ധപ്പെട്ട മെഡിക്കല്‍ കോളേജ് ഭാഗത്തെ ഒരുഗ്രൂപ്പിലാണ് കത്തിന്റെ പകര്‍പ്പ് ആദ്യമെത്തിയത്. വിവാദമായതോടെ  അത് പിന്‍വലിച്ചു എന്നാണ് അന്വേഷണ സംഘം പറയുന്നത്.

കത്തിന്റെ ഉറവിടം കണ്ടെത്തിയാലെ വ്യാജമാണോയെന്ന് ഉറപ്പിക്കാനാകൂ. നിലവില്‍ ലഭിച്ച പകര്‍പ്പിന്റെ ഒരുവശത്ത് പേപ്പറുകള്‍ കൂട്ടിക്കെട്ടാനായി പേപ്പര്‍ പഞ്ചര്‍ ഉപയോഗിച്ച് ദ്വാരമിട്ട അടയാളമുണ്ട്. ഇതു മേയറുടെ ഏതെങ്കിലും പഴയ ലെറ്റര്‍പാഡിന്റെ പകര്‍പ്പെടുത്തതാണോയെന്ന സംശയമുണര്‍ത്തുന്നുണ്ട്. പഴയ ലെറ്റര്‍ പാഡിന്റെ പകര്‍പ്പെടുത്ത് പുതിയവിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള സാധ്യതയായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നത്. അടുത്തദിവസംതന്നെ പരാതിക്കാരിയായ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കും. കത്ത് പ്രചരിപ്പിച്ചവരെക്കുറിച്ചും അന്വേഷിക്കും.

കഴിഞ്ഞ ദിവസം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു. മേയറുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. സി.പി.എം. ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മൊഴി വീണ്ടുമെടുക്കും. മേയറുടെ ഓഫീസിലെ കംപ്യൂട്ടറുകള്‍ വിദഗ്ധര്‍ പരിശോധിക്കും. കോടതി അനുമതിയോടെ ഹാര്‍ഡ് ഡിസ്‌കുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും. അന്വേഷണത്തിന് ഹൈടെക് സെല്ലിന്റെ സഹായംതേടാനും തീരുമാനമുണ്ട്.