കലിപ്പ് തീരാതെ 'കബാലി' ; ആതിരപ്പള്ളി- മലക്കപ്പാറ റൂട്ടില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്ക്
കുറച്ചു ദിവസങ്ങളായി കബാലിയുടെ സാന്നിധ്യം റോഡില്‍ ഉണ്ട് എന്നാല്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇപ്പോള്‍ കബാലി കൂടുതല്‍ അക്രമണകാരിയാകുന്നുവെന്നാണ് വിവരങ്ങള്‍
വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ആതിരപ്പള്ളി-മലക്കപ്പാറ റൂട്ടില്‍ യാത്രാ നിയന്ത്രണം. കബാലി എന്ന കാട്ടാനയുടെ ആക്രമണം പതിവായതോടെയാണ് വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ആവശ്യ സര്‍വ്വീസുകളെ മാത്രമേ കടത്തിവിടുകയുള്ളു. പ്രദേശത്ത് രാത്രി യാത്രയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ നിന്ന് മലക്കപ്പാറ.യിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി. ബസിന് നേരെ ഒറ്റയാന്‍ കബാലിയുടെ ആക്രമണം ഉണ്ടായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടു കൂടിയായിരുന്നു സംഭവം. ബസിനുനേരെ പാഞ്ഞടുത്ത ആന, ബസ് കൊമ്പില്‍ കുത്തി ഉയര്‍ത്തി താഴെ വെക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു.
ചാലക്കുടിയില്‍ നിന്ന് വൈകിട്ട് അഞ്ച് മണിക്കായിരുന്നു ബസ് സര്‍വീസ് തൂടങ്ങിയത്. ബസ് തിരികെ ചാലക്കുടിയിലേക്ക് വരുന്ന സമയത്ത് അമ്പലപ്പാറ വളവില്‍വെച്ചായിരുന്നു സംഭവം. ഏറെ നേരം വാഹനം കടത്തിവിടാതെ റോഡില്‍ നിന്ന ആന പെട്ടെന്ന് ബസിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ആളപായമൊന്നുമില്ലെന്നാണ് വിവരം. എട്ടരയോടെ അവസാനിപ്പിക്കേണ്ട ബസ് സര്‍വീസ് പതിനൊന്ന് മണിയോടെയാണ് അവസാനിപ്പിച്ചത്.
കുറച്ചു ദിവസങ്ങളായി കബാലിയുടെ സാന്നിധ്യം റോഡില്‍ ഉണ്ട് എന്നാല്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇപ്പോള്‍ കബാലി കൂടുതല്‍ അക്രമണകാരിയാകുന്നുവെന്നാണ് വിവരങ്ങള്‍.