പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസിബിസി
വിഴിഞ്ഞത്തെ പൊലീസ് നടപടി ദൗര്‍ഭാഗ്യകരമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി അറിയിച്ചു. ബിഷപ്പുമാരെ ഉള്‍പ്പെടെ പ്രതികളാക്കി കേസെടുത്ത നടപടി അംഗീകരിക്കാനാവില്ലെന്ന് കെസിബിസി അറിയിച്ചു. വൈദികര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി പൊലീസ് എഫ്‌ഐആര്‍ നല്‍കിയ നടപടിയില്‍ വന്‍ പ്രതിഷേധമാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ മണിക്കൂറുകളിലായി അരങ്ങേറിയത്. സമരാനുകൂലികളും പൊലീസുമായി വലിയ സംഘര്‍ഷം ഉണ്ടായി. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുപ്പത്തതിയഞ്ചോളം പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ നാല് പൊലീസുകാരെ തിരുവനന്തപുരം മെഡിക്കല്‍ കോളോജിലേക്ക് കൊണ്ടു പോയി. ഒരാളുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റ പലയാളുകളും വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷത്തില്‍ സമരാനുകൂലികള്‍ പൊലീസ് വാഹനം തകര്‍ത്തു. കരമന, വിഴിഞ്ഞം സ്‌റ്റേഷനുകളിലെ ജീപ്പുകളാണ് സമരക്കാര്‍ തകര്‍ത്തത്.
രണ്ടായിരത്തിലധികം ആളുകളാണ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തിയത്. സമരക്കാര്‍ക്ക് നേരെ പൊലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സ്റ്റേഷന്‍ പരിസരത്ത് നിന്ന് പ്രതിഷേധക്കാരെ മാറ്റിയിട്ടുണ്ട്. സമരക്കാര്‍ ഹാര്‍ബറിലേക്ക് മടങ്ങി. വിഴിഞ്ഞത്ത് കനത്ത സുരക്ഷാവലയമാണ് ഒരുക്കിയിട്ടുള്ളത്. കലക്ടറും കമ്മീഷണറും പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിലയിരുത്തുകയാണ്.