LogoLoginKerala

സ്ഥാനമൊഴിയാന്‍ സനദ്ധത അറിയിച്ച് കെ സുധാകരന്‍

 
K Sudhakaran
സംഭവത്തില്‍ പ്രതിപക്ഷ നേതാവിന്റെ പിന്തുണ ലഭിക്കുന്നില്ല എന്നും കത്തില്‍ സുധാകരന്‍ ചൂണ്ടിക്കാട്ടി

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തു നിന്നും രാജി വെയ്ക്കാന്‍ സന്നദ്ധത കാണിച്ച് കെ സുധാകരന്‍. ഇക്കാര്യം വ്യക്തമാക്കി സുധാകരന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. ആര്‍എസ്എസുമായി ബന്ധപ്പെട്ട് കെ സുധാകരന്‍ നടത്തിയ പ്രശ്താവനകള്‍ വിവാദമായ പശ്ചാത്തലത്തിലാണ് രാജി സന്നദ്ധത അറിയിച്ച് കത്തെഴുതിയത്.

സംഭവത്തില്‍ പ്രതിപക്ഷ നേതാവിന്റെ പിന്തുണ ലഭിക്കുന്നില്ല എന്നും കത്തില്‍ സുധാകരന്‍ ചൂണ്ടിക്കാട്ടി. കെ സുധാകരന്റെ  പ്രസ്താവനയെ വി ഡി സതീശന്‍, കെ മുരളീധരന്‍, എം എം ഹസ്സന്‍ തുടങ്ങിയ നേതാക്കള്‍ തള്ളിപ്പറഞ്ഞിരുന്നു. അതേസമയം, വിവാദ പ്രസ്താവനകള്‍ക്കെതിരെ മുസ്ലിം ലീഗം ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.

തുടർച്ചയായി കെപിസിസി അധ്യക്ഷ സ്ഥാനത്തിരുന്ന നടത്തിയ ആർഎസ്എസ് അനുകൂല പരാമർശങ്ങളാണ്, കോൺഗ്രസിൽ കെ സുധാകരന്  എതിരായ പടയൊരുക്കത്തിന് കാരണം. യുഡിഎഫിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്നതാണ് കെ സുധാകരന്റെ പരാമർശങ്ങൾ എന്ന് മുസ്ലിം ലീഗ് നിലപാടെടുത്തിരുന്നു. ലീഗിന്റെ അതൃപ്തി രൂക്ഷമായതോടെ, കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവും കെ സുധാകരനെ തള്ളി പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പുകള്‍ വിദൂരമല്ലാത്തതിനാൽ, ഘടകകക്ഷികളുടെ അതൃപ്തി ദേശീയ നേതൃത്വത്തേയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. പാര്‍ട്ടി പുനസംഘടന കൂടി കണക്കിലെടുത്ത്, സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവും ഒരു വിഭാഗം ഉയര്‍ത്തുണ്ട്. 

ആര്‍എസ്എസ് മനസുള്ളവര്‍ക്ക് പാര്‍ട്ടിക്ക് പുറത്ത്  പോകാമെന്ന രാഹുല്‍ഗാന്ധിയുടെ നിലപാടടക്കം ചൂണ്ടിക്കാട്ടിയാണ് സുധാകരനെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസിലെ ഗ്രൂപ്പുകളിൽ കെ സുധാകരനെതിരെ പടയൊരുക്കം ശക്തമായതോടെ, കെ സുധാകരൻ  രാഹുൽ ഗാന്ധിയെ രാജി സന്നദ്ധത അറിയിച്ചു. പ്രതിപക്ഷവും പാർട്ടിയും ഒന്നിച്ചു പോകുന്നില്ലെന്നും വി ഡി സതീഷനിൽ നിന്ന് പിന്തുണ കിട്ടുന്നില്ല എന്നും ഹൈക്കമാൻഡിന് നൽകിയ കത്തിൽ കെ സുധാകരൻ പറയുന്നു. ഇനി ഹൈക്കമാന്റിന്റെ നിലപാടാകും നിർണായകമാകുക. കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടർന്നാൽ, പുതിയ സാഹചര്യങ്ങൾ യുഡിഎഫിനുള്ളിൽ പൊട്ടിത്തെറിക്ക് വഴി വെക്കും എന്നുറപ്പാണ്.

രാജിക്കത്തുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചതായിട്ടാണ് ലഭിക്കുന്ന സൂചന. ലോക്‌സഭ തെരെഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ അടിയന്തരമായി കെപിസിസി അധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന് നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ടെന്നാണ് പുറത്തുവന്ന വിവരം.