LogoLoginKerala

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദ തുടരും; അമിത് ഷാ

 
jp nadda

ന്യൂഡല്‍ഹി:  2024 വരെ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത്  ജെപി നദ്ദ തുടരും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ അദ്ദേഹം അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നും തീരുമാനം ഐക്യകണ്ഠേനയാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. കോവിഡ് കാലത്ത് അടക്കം നദ്ദ പാര്‍ട്ടിയെ മികച്ച രീതിിയില്‍ നയിച്ചുവെന്ന് അമിത് ഷാ പറഞ്ഞു.

'ജെപി നദ്ദയുടെ നേതൃത്വത്തില്‍ ബിഹാറില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് ബിജെപിയ്ക്കായിരുന്നു. മഹാരാഷ്ട്രയില്‍ എന്‍ഡിഎ ഭൂരിപക്ഷം നേടി, ഉത്തര്‍പ്രദേശില്‍ വിജയിച്ചു, പശ്ചിമ ബംഗാളില്‍ ഞങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. ഗുജറാത്തിലും പാര്‍ട്ടി വന്‍വിജയം രേഖപ്പെടുത്തി. 'മോദിയുടെയും നദ്ദയുടെയും നേതൃത്വത്തില്‍ 2024 ലെ തിരഞ്ഞെടുപ്പില്‍ 2019 നേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്' അമിത് ഷാ പറഞ്ഞു.

ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന്റെ സമാപന ദിനത്തിലാണ് അമിത് ഷായുടെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ, ബിജെപി മുഖ്യമന്ത്രിമാര്‍ എന്നിവരുള്‍പ്പെടെയുള്ള ഉന്നത നേതാക്കളും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്തിരുന്നു.

2019ല്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ കേന്ദ്രമന്ത്രിയായതോടെയാണ് ജെപി നദ്ദ ബിജെപി വര്‍ക്കിങ് പ്രസിഡന്റായി എത്തുന്നത്. 2020-ല്‍ നദ്ദ മുഴുവന്‍ സമയ പാര്‍ട്ടി അധ്യക്ഷനായി. 2024 മെയ് മാസത്തില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെ ജെപി നദ്ദ ബിജെപി ദേശീയ അധ്യക്ഷനായി തുടരും.