LogoLoginKerala

അദാനിക്ക് വേണ്ടി സര്‍ക്കാര്‍ എന്തും ചെയ്യും; ആരോപണവുമായി വി ഡി സതീശന്‍

 
V D Satheesan
വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷം സര്‍ക്കാരിന്റെ ആസൂത്രിത നീക്കത്തെ തുടര്‍ന്നാണെന്ന ലത്തീന്‍ രൂപതയുടെ ആരോപണം ഗുരുതരമാണ്. അതേക്കുറിച്ചും അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു

ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള വൈദികരെ പ്രതികളാക്കി പൊലീസ് കേസെടുത്തതില്‍ പ്രതികരണം അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വൈദികരെ ഉള്‍പ്പെടുത്തി കേസെടുത്ത നടപടി അംഗീകരിക്കാനാവില്ല. അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയില്‍ അദാനി എത്തിയെന്ന് വ്യക്തമാക്കുന്നതാണ് പൊലീസിന്റെ നടപടിയെന്നും സതീശന്‍ ആരോപണം ഉയര്‍ത്തി.

വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷം സര്‍ക്കാരിന്റെ ആസൂത്രിത നീക്കത്തെ തുടര്‍ന്നാണെന്ന ലത്തീന്‍ രൂപതയുടെ ആരോപണം ഗുരുതരമാണ്. അതേക്കുറിച്ചും അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ആര്‍ച്ച് ബിഷപ്പിനും വൈദികര്‍ക്കും എതിരെ കേസെടുത്ത പൊലീസ് സി.പി.എം. പ്രവര്‍ത്തകര്‍ സമരം ചെയ്താല്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ കേസെടുക്കാന്‍ തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.

അദാനിക്ക് വേണ്ടി അടിമവേല ചെയ്യുന്ന സര്‍ക്കാര്‍ നിലനില്‍പ്പിന് വേണ്ടിയുള്ള മത്സ്യത്തൊഴിലാളികളുടെ സമരത്തെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സമരത്തെ വര്‍ഗീയവത്ക്കരിച്ച് ഇല്ലാതാക്കുകയെന്ന തന്ത്രമാണ് സര്‍ക്കാരും സി.പി.എമ്മും തുടക്കം മുതല്‍ക്കെ പയറ്റിയത്. ഇതിന്റെ ഭാഗമായി സി.പി.എം- ബി.ജെ.പി. കൂട്ടുകെട്ടുണ്ടാക്കിയതും കേരളം കണ്ടതാണ്. അദാനിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വിഴിഞ്ഞം സമരത്തിനെതിരെ സി.പി.എം.- ബി.ജെ.പി. അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയതെന്നും സതീശന്‍ ആരോപിച്ചു.

Thomas j netto

ഇന്നലെ ഉണ്ടായ സംഘര്‍ഷത്തില്‍ ലത്തിന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് പൊലീസ് എഫ് ഐ ആര്‍ നല്‍കി. പരാതിക്കു പുറമേ പൊലീസ് സ്വമേധയാ കേസ് എടുത്തിരുന്നു. രണ്ട് ലക്ഷത്തിലേറെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസുണ്ട്. നിയമവിരുദ്ധമായി സംഘം ചേരല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങി. വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. അന്‍പതോളം വൈദികരുള്‍പ്പെടെ 95 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വിഴിഞ്ഞം പദ്ധതിയെ എതിര്‍ക്കുന്ന  സമരസമിതിക്കും അനുകൂലിക്കുന്ന ജനകീയ സമിതിക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തങ്ങള്‍ക്ക് ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.