LogoLoginKerala

ഗോള്‍ അടിക്കുന്നവരാണ് എന്നും സ്റ്റാര്‍; ശശി തരൂരിനെ പുകഴ്ത്തി യുവനിര

 
Congress Conclave
ഹൈബി ഈഡന്‍, മാത്യു കുഴല്‍നാടന്‍, കെ എസ് ശബരീനാഥന്‍ എന്നീ നേതാക്കളാണ് ശശി തരൂരിനെ പുകഴ്ത്തി രംഗത്തെത്തിയത്

കൊച്ചിയില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് വേദിയില്‍ ശശി തരൂരിനെ പിന്തുണച്ച് കോണ്‍ഗ്രസിലെ യുവനിര. ഹൈബി ഈഡന്‍, മാത്യു കുഴല്‍നാടന്‍, കെ എസ് ശബരീനാഥന്‍ എന്നീ നേതാക്കളാണ് ശശി തരൂരിനെ പുകഴ്ത്തി രംഗത്തെത്തിയത്.

കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ് ശശി തരൂരെന്ന് ഹൈബി ഈഡന്‍ എം പി പറഞ്ഞു. കൂടാതെ തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെടുത്തിക്കൊണ്ടു തന്നെയായിരുന്നു മാത്യു കുഴല്‍നാടന്റെയും പരാമര്‍ശം. ഫുട്ബോളില്‍ ഗോള്‍ അടിക്കുന്നവരാണ് എന്നും സ്റ്റാര്‍ ആകുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. കോണ്‍ഗ്രസില്‍ ഒട്ടേറെ ഫോര്‍വേഡുകളുണ്ട്. പക്ഷെ ഗോളി ശരിയല്ലെങ്കില്‍ കളി തോല്‍ക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നമ്മുടെ ഗോളി. അവരെ നിരാശപ്പെടുത്തുന്ന ഒരു നടപടിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആരെയും സൈഡ് ബെഞ്ചില്‍ ഇരുത്തരുതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥന്‍ ആവശ്യപ്പെട്ടു. തരൂരിനെക്കുറിച്ച് ജനത്തിന് ബോദ്യമുണ്ട്. നെഹ്റുവിനെയും അംബേദ്കറെയും കുറിച്ച് പുസ്തകമെഴുതിയ ഏക നേതാവാണ് തരൂരെന്നും ശബരീനാഥന്‍ ചൂണ്ടിക്കാട്ടി.