LogoLoginKerala

വ്യാജ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ്; പ്രതി പിടിയില്‍

 
Doctor
യുവതിയുടെ സഹപാഠിയെന്ന് പറഞ്ഞ് പരിചയം സ്ഥാപിച്ചാണ് വ്യാജ അക്കൗണ്ട് വഴി പണം തട്ടിയത്. യു.കെ.യില്‍ ഡോക്ടറാണെന്നാണ് ഇയാള്‍ തെറ്റിദ്ധരിപ്പിച്ചത്. രണ്ടാമത് കുട്ടിയുണ്ടാകുന്നതിന് മരുന്ന് അയച്ചുതരാമെന്നും ഇയാള്‍ വാഗ്ദാനം ചെയ്തു

ഡോക്ടറെന്ന വ്യാജേന സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട് മധൂര്‍ മായിപ്പാടി സ്വദേശികളായ ദമ്പതിമാരില്‍നിന്ന് ഏഴുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍. ബറേലിയിലെ മുഹമ്മദ് ഷാരിക്കിനെ യാണ് കാസര്‍കോട് സൈബര്‍ ക്രൈം പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

മായിപ്പാടിയിലെ യുവതിയുമായി സാമൂഹികമാധ്യമത്തിലൂടെ സൗഹൃദത്തിലായ ഇയാള്‍ 2022 സെപ്റ്റംബര്‍  മുതല്‍ പലതവണയായി പണം കൈപ്പറ്റുകയായിരുന്നു. യുവതിയുടെ സഹപാഠിയെന്ന് പറഞ്ഞ് പരിചയം സ്ഥാപിച്ചാണ് വ്യാജ അക്കൗണ്ട് വഴി പണം തട്ടിയത്. യു.കെ.യില്‍ ഡോക്ടറാണെന്നാണ് ഇയാള്‍ തെറ്റിദ്ധരിപ്പിച്ചത്. രണ്ടാമത് കുട്ടിയുണ്ടാകുന്നതിന് മരുന്ന് അയച്ചുതരാമെന്നും ഇയാള്‍ വാഗ്ദാനം ചെയ്തു.

അതിനിടെ യുവതി ഗര്‍ഭിണിയായപ്പോള്‍ വിവരം പ്രതിയെ അറിയിച്ചു. യുവതിക്കായി സമ്മാനവും 15,000 പൗണ്ടും അയച്ചിട്ടുണ്ടെന്നും തുക കൂടുതലുള്ളതിനാല്‍ പാഴ്‌സല്‍ സര്‍വീസില്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നും വിശ്വസിപ്പിച്ചു. തുടര്‍ന്ന് പാഴ്‌സല്‍ വിട്ടുകിട്ടാന്‍ പണം ആവശ്യപ്പെട്ടു. യുവതിയും ഭര്‍ത്താവും ചേര്‍ന്ന് 7,00,500 രൂപയാണ് പ്രതിക്ക് അയച്ചുകൊടുത്തത്. ഹരിയാണയിലെ ഒന്‍പത് അക്കൗണ്ടുകള്‍ വഴിയാണ് പ്രതി പണം സ്വീകരിച്ചത്. പിന്നീട് പണം ഉത്തര്‍പ്രദേശിലെ അക്കൗണ്ടിലേക്ക് മാറ്റി. തട്ടിപ്പാണെന്ന് മനസ്സിലായതോടെ ഒക്ടോബര്‍ 25-ന് യുവതി സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി നിരന്തരം ഫോണും നമ്പറും മാറ്റിയെങ്കിലും അന്വേഷണസംഘം ബറേലിയിലെ സിങ്ഹായി മുറാവന്‍ ഗ്രാമത്തിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.